കണ്ണൂർ: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി.
ജില്ലാ മെഡിക്കല്‍ ഓഫിസർ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്ബൂതിരിപ്പാടിന്റെ നിർദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാൻ നിർദേശം നല്‍കിയിട്ടുണ്ട്.
ആദ്യം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ അഡി. ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍നിന്ന് തന്നെയാണോ കുട്ടിക്ക് അസുഖം ബാധിച്ചത് എന്നറിയാൻ വെള്ളച്ചാട്ടത്തിലെയും വീട്ടിലെയും വെള്ളത്തിന്റെ സാമ്ബ്ള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്ബിള്‍ പൂനെയിലെ ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന റിസള്‍ട്ട് വരുന്നതു വരെ താല്‍കാലികമായാണ് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിർത്തി വെച്ചത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കാണപ്പെടുന്ന ബ്രെയിൻ ഈറ്റർ എന്ന അമീബ മൂക്കിലെ നേർത്ത സ്തരത്തിലൂടെയാണ് പ്രധാനമായ ശരീരത്തില്‍ കയറുന്നത്. മൂന്നു മുതല്‍ 14 ദിവസത്തിനുള്ളില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കും. സാധാരണഗതിയില്‍ ഒഴുകുന്ന വെള്ളത്തില്‍ ഇത് അപൂർവമായാണ് കാണപ്പെടുന്നത്. കെട്ടിക്കിടക്കുന്ന ഏത് വെള്ളത്തിലും നീന്തല്‍ കുളങ്ങളിലും കായലുകളിലും അമീബ കാണപ്പെടാൻ സാധ്യത കൂടുതലാണ്.
മഴക്കാലത്ത് ധാരാളം സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് കാരക്കുണ്ട് വെള്ളച്ചാട്ടം. റീല്‍സ് എടുക്കാനും കല്യാണ ഷൂട്ടിനും കുടുംബ സമേതവും ധാരാളം പേർ എത്താറുണ്ട്. കണ്ണൂരില്‍നിന്ന് 32 കിലോമീറ്ററും പയ്യന്നൂരില്‍ നിന്ന് 20ഉം തളിപ്പറമ്ബില്‍ നിന്ന് 13 കിലോമീറ്ററും ദൂരമാണ് ഇവിടേക്കുള്ളത്.
Post a Comment