പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്‌മെന്റ്: അപേക്ഷ ഇന്നുമുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ മുഖ്യ അലോട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാനാവാത്തവർക്കും സപ്ലിമെന്ററി അലോട്മെന്റിനു പരിഗണിക്കുന്നതിന് ജൂലായ് രണ്ടിന് രാവിലെ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
സപ്ലിമെന്ററി അലോട്മെന്റിനായുള്ള ഒഴിവും മറ്റു വിവരങ്ങളും രാവിലെ 9-ന് അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിക്കും.

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവർക്കും മുഖ്യഘട്ടത്തില്‍ അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിനു ഹാജരാകാത്തവർക്കും പ്രവേശനം റദ്ദാക്കിയവർക്കും ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ ശേഷം ടി.സി. വാങ്ങിയവർക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാനാകില്ല.

തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റില്‍ പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കാം. അപേക്ഷകളിലെ പിഴവുകള്‍ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്. മെറിറ്റ് ക്വാട്ടയുടെ സപ്ലിമെന്ററി അലോട്മെന്റിനോടൊപ്പം മോഡല്‍ െറസിഡെൻഷ്യല്‍ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്മെന്റ് സംബന്ധിച്ച നിർദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

വൊക്കേഷണല്‍ ഹയർ സെക്കൻഡറി സപ്ലിമെന്ററി പ്രവേശനം

വൊക്കേഷണല്‍ ഹയർ സെക്കൻഡറി മുഖ്യ അലോട്മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാതിരുന്നവർക്കും സപ്ലിമെന്ററി അലോട്മെന്റിന് ജൂലായ് രണ്ടു മുതല്‍ നാലിന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം.

മുഖ്യഘട്ടത്തില്‍ അലോട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഈ ഘട്ടത്തില്‍ വീണ്ടും അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്മെന്റിനു പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.vhseportal.kerala.gov.in ല്‍ കാൻഡിഡേറ്റ് ലോഗിൻ നിർമിച്ചശേഷം ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കണം.

മുഖ്യ അലോട്മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ അപേക്ഷ പുതുക്കുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ ആപ്ലിക്കേഷൻസ് എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമർപ്പിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Post a Comment

Previous Post Next Post