കരുവഞ്ചാല്‍: മലയോര മേഖലയുടെ ഏറെക്കാലത്തെ സ്വപ്നമായ കരുവഞ്ചാല്‍ പാലത്തിന്‍റെ കോണ്‍ക്രീറ്റ് പണി പൂർത്തിയായി.
ഇനി പാലത്തിനോട് അനുബന്ധിച്ചുള്ള റോഡിന്‍റെ പണി കൂടിയാണ് പൂർത്തീകരിക്കാനുള്ളത്. ഇതും എത്രയും വേഗം പൂർത്തീകരിക്കാൻ കഴിയുമെന്ന് സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.
കരുവഞ്ചാല്‍ പാലത്തിന്‍റെ പ്രവൃത്തി ആദ്യനാളുകളില്‍ ദ്രുതഗതിയില്‍ നീങ്ങിയെങ്കിലും പിന്നീട് കഴിഞ്ഞ കാലവർഷത്തില്‍ ഇടയ്ക്ക് നിർത്തിവയ്ക്കുകയും പ്രവൃത്തി ചില സമയങ്ങളില്‍ ഇഴഞ്ഞു നീങ്ങുകയും ചെയ്തതിനാലാണ് ഇത്രയും കാലതാമസം വന്നത്.
ഇടുങ്ങിയതും തകർച്ചയുടെ വക്കിലുമായ പഴയ പാലത്തിലൂടെയുള്ള യാത്ര ഏറെ ദുർഘടം പിടിച്ചതായിരുന്നു. അതിനാല്‍ പാലത്തിന്‍റെ ഇരുവശത്തും ഏറെ ദൂരം യാത്രാതടസങ്ങളും അനുഭവപ്പെടുന്നത് സ്ഥിരം സംഭവമായിരുന്നു. ഇത് ടൗണിലെ വ്യാപാരികള്‍ക്കും അതുപോലെ മലയോരമേഖലയിലുള്ള യാത്രക്കാർക്കും ഏറെ ദുരിതമായിരുന്നു. മലയോര ഹൈവേയും തളിപ്പറമ്ബ്-കൂർഗ് ബോർഡർ റോഡും സന്ധിക്കുന്നതിനാല്‍ ഈ റോഡിലൂടെ വാഹന യാത്ര കുറച്ചു വർഷങ്ങളായി വളരെയധികം വർധിച്ചിട്ടുണ്ട്.
പാലത്തിന്‍റെ പണി പൂർത്തീകരിച്ച് തുറന്നുകൊടുത്താല്‍ ഈ മേഖലയിലുള്ള യാത്രാ തടസത്തിന് വലിയൊരു ആശ്വാസം തന്നെയാവും.
Post a Comment