കണ്ണൂർ: മലയോര മേഖലകളിലെ യാത്രാപ്രശ്നം രൂക്ഷമായ സ്ഥലങ്ങളില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യ പ്രകാരം അനുവദിക്കുന്ന ബസ്റൂട്ടുകള്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ സമയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യനാണ് ഈ വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
മലയോര മേഖലയില്‍ പുതുതായി നിരവധി നല്ല റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും എന്നാല്‍ പല സ്ഥലങ്ങളിലും ബസ്റൂട്ട് ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പുതിയ റൂട്ടുകളില്‍ ബസ് പെര്‍മിറ്റ് അനുവദിച്ച് മാസങ്ങളായിട്ടും ആര്‍ടിഒ ഓഫീസ് സമയം അനുവദിക്കാത്ത സ്ഥിതിയുണ്ടെന്നും ബിനോയ് കുര്യന്‍ പറഞ്ഞു.
പുതിയ റൂട്ട് അനുവദിക്കുമ്ബോള്‍ സമയം അനുവദിക്കുന്നത് സംബന്ധിച്ച ശിപാര്‍ശയും സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ ആര്‍ടിഒ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
മലയോര ഹൈവേയുടെ ഭാഗമായുള്ള വെമ്ബുവ, ചെന്തോട് താത്ക്കാലിക പാലങ്ങളുടെ മണ്ണെലിച്ചുപോയത് പ്രദേശത്ത് അപകട ഭീഷണി ഉണ്ടാക്കുന്നതായി സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. നടന്നുപോകാന്‍ കഴിയുന്ന വിധം കൈവരികളോടെ താത്കാലിക പാലം ഉണ്ടാക്കുന്ന പ്രവൃത്തി ആരംഭിച്ചതായി കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.
വനം വകുപ്പിന് കീഴിലുള്ള പൈതല്‍മല, കഞ്ഞിരക്കൊല്ലി, കാപ്പിമല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യവും പൊതു സൗകര്യങ്ങളും ഒരുക്കാന്‍ നടപടി വേണമെന്ന് സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. പ്രവേശന ഫീസ് പിരിക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും വനം വകുപ്പിനെയും പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ച് ഇക്കാര്യത്തില്‍ നടപടി സ്വകീരിക്കാന്‍ ഡിടിപിസിക്ക് യോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, എം. വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍, സബ് കളക്ടര്‍ സന്ദീപ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment