ചപ്പാരപ്പടവ്: മഴ കനത്തതോടെ ചപ്പാരപ്പടവ് പുഴയിലെ മംഗരയില്‍ മണ്ണിടിച്ചില്‍ രൂക്ഷം. മംഗരയില്‍ നിർമിച്ചു കൊണ്ടിരിക്കുന്ന പാലത്തിന്‍റെ പണി മന്ദഗതിയിലായതാണ് മണ്ണിടിച്ചിലിനു കാരണം.
പാലത്തിന്‍റെ ആവശ്യത്തിനായി നിർമിച്ചിരിക്കുന്ന ഒന്പതു ബീമുകള്‍ പുഴയില്‍ പുഴയ്ക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ നിർമിച്ചിരിക്കുന്ന പാലത്തിന്‍റെ ഫില്ലറുകള്‍ക്ക് മുകളിലേക്ക് കയറ്റുന്നതിനായി കഴിഞ്ഞ ദിവസം ക്രെയിൻ എത്തിയിരുന്നെങ്കിലും ബീമുകള്‍ ചെളിയില്‍ താഴ്ന്നതിനാല്‍ ഉയർത്താൻ സാധിച്ചില്ല.
എന്നാല്‍ ഇന്നലെ വലിയ ക്രെയിൻ എത്തിച്ച് ബീമുകള്‍ ഫില്ലറിനു മുകളില്‍ കയറ്റുമെന്ന് കരാറുകാരൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതും നടന്നില്ല. ഇന്നലെ ഉച്ചയോടെയുണ്ടായ ശക്തമായ മഴയില്‍ വെള്ളം പുഴയില്‍ കുതിച്ചുയരുകയും സ്ഥാപിച്ചിരിക്കുന്ന ബീമുകളുടെ മുകളിലൂടെ വെള്ളം കയറി ഒഴുകുകയും പല ബീമുകളും ചെരിയുകയും ചെയ്തു. ഇവിടെ വെള്ളം ഉയർന്നതോടെ മണ്ണിടിച്ചിലും ശക്തമായി. സമീപത്തു കൂടി പോകുന്ന വൈദ്യുത തൂണുകളും തകർച്ചയുടെ വക്കിലാണ്. ഇനിയും വെള്ളം ഉയർന്നാല്‍ മംഗര ടൗണ്‍ ഉള്‍പ്പെടെ വെള്ളത്തിലാകാൻ സാധ്യത ഏറെയാണ്.
ഉദ്യോഗസ്ഥരുടെയും കരാറുകാരന്‍റെയും അനാസ്ഥയാണ് പ്രവൃത്തി താമസിക്കാൻ കാരണമായതെന്ന് പുഴ സംരക്ഷണ പ്രവർത്തകൻ മാത്യു പഴയടത്ത് പറയുന്നു. എത്രയും വേഗം ഈ ബീമുകള്‍ ഇവിടെ നിന്നും മാറ്റാനുള്ള നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടുകോടിയില്‍പരം രൂപ ചെലവഴിച്ചാണു ബീമുകളുടെ പ്രവൃത്തി നടത്തിയിരിക്കുന്നത്. 12 കോടിയോളം തുക വകയിരുത്തിയാണ് പാലം പണിയും നടത്തുന്നത്.
Post a Comment