കോഴിക്കോട് നാലുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു


കോഴിക്കോട് ജില്ലയില്‍ നാലുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച് പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം വന്നത്. രോഗം സ്ഥിരീകരിച്ച നാലുപേരും രോ?ഗമുക്തി നേടി. വെസ്റ്റ്‌നൈല്‍ സംശയിക്കുന്ന വേങ്ങേരി സ്വദേശി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ രണ്ടുപേരുടെ മരണം വെസ്റ്റ്‌നൈല്‍ ബാധിച്ചാണോ എന്ന സംശയവുമുണ്ട്.
എന്താണ് വെസ്റ്റ് നൈല്‍?
ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937-ല്‍ യുഗാണ്‍ഡയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്താദ്യമായി 2011-ല്‍ ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്തു.
രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദി, ചൊറിച്ചില്‍ തുടങ്ങിയവ കാണാം.
ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുകാരണം ബോധക്ഷയവും മരണംവരെയും സംഭവിക്കാം.
രോഗപ്രതിരോധവും ചികിത്സയും
ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവുംനല്ല പ്രതിരോധമാര്‍ഗം. സ്വയംചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും.
മുന്‍കരുതലുകള്‍
വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക
ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക
കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക
സ്വയംചികിത്സ ഒഴിവാക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന കൊതുകുകള്‍ പെറ്റുപെരുകുന്നത്. രാത്രികാലത്താണ് ഇവ കടിക്കുക. മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ കടിക്കുന്നതുകൊണ്ട് രോഗബാധ ഉണ്ടാകും. എന്നാല്‍ ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് രോഗം പകരില്ല.

Post a Comment

Previous Post Next Post