ചപ്പാരപ്പടവില്‍ ഡെങ്കിപ്പനി പ്രതിരോധ നടപടി ഊര്‍ജിതമാക്കി

ചപ്പാരപ്പടവ്: ചപ്പാരപ്പടവില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണന്‍റെ നേതൃത്വത്തിലാണ് താഴെ എടക്കോം മേഖലയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തിയത്.

ഇതിന്‍റെ ഭാഗമായി പ്രദേശത്ത് ബോധവത്കരണം, റബർ, കമുക് തോട്ട നിരീക്ഷണം, കൊതുക് സാന്ദ്രതാപഠനം, ഉറവിടം നശീകരണം, രോഗികളുടെ വീട്ടില്‍ സന്ദർശനം, പ്രതിരോധോപാധികളുടെ വിതരണം, സ്പ്രേയിംഗ് തുടങ്ങിയ പ്രവർത്തനങ്ങള്‍ നടത്തി. 

പ്രസിഡന്‍റിന്‍റെയും പഞ്ചായത്തംഗം അജ്മലിന്‍റെയും നേതൃത്വത്തില്‍ തൊഴിലുറപ്പ് കേന്ദ്രങ്ങള്‍ സന്ദർശനം നടത്തുകയും എലിപ്പനി പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ പ്രവീണ്‍ നവരംഗ്, ജൂണിയർ ഹെല്‍ത്ത്‌ ഇൻസ്‌പെക്ടർ ജി.പി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ നിയമപരമായ പരിശോധനയില്‍ കൊതുകുജന്യ രോഗങ്ങളുടെ പകർച്ചയ്ക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ പ്രദേശത്ത് സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടു. 

ഇത്തരം നിയമലംഘനങ്ങള്‍ തുടരുന്ന പക്ഷം പതിനായിരം രൂപയില്‍ കുറയാത്ത പിഴ ഈടാക്കുന്ന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ മെഡിക്കല്‍ ഓഫീസർ ഡോ. അരുണ്‍ ശങ്കർ അറിയിച്ചു.

Post a Comment

Previous Post Next Post