നാല് ദിവസവും തകരാര്‍ പരിഹരിക്കാതെ അധികൃതര്‍; കാള്‍ടെക്സില്‍ നോ സിഗ്നല്‍

കണ്ണൂർ: കാള്‍ടെക്സ് ഗാന്ധി സർക്കിളിലെ തകരാറിലായ സിഗ്നല്‍ സംവിധാനം നാലു ദിവസം പിന്നിട്ടിട്ടും പരിഹരിക്കാതെ അധികൃതർ.


പൊലീസുകാരെ നിർത്തി ട്രാഫിക് കണ്‍ട്രോള്‍ ചെയ്യുന്നുണ്ടെങ്കിലും തിരക്കേറിയ സമയങ്ങളില്‍ അടുത്ത ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ഉച്ചകഴിഞ്ഞുള്ള പല സമയത്തും പൊലീസിന്റെ സേവനം ഇല്ല താനും.

നഗരത്തില്‍ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളില്‍ ഇടങ്ങളിലൊന്നാണ് ഗാന്ധിസർക്കിള്‍. ബസ് സ്റ്റാൻഡുകളിലേക്കും പയ്യന്നൂർ തളിപ്പറമ്ബ് ഭാഗത്തേക്കും തലശേരി കൂത്തുപറമ്ബ്, മട്ടന്നൂർ, ഇരിട്ടി ഭാഗത്തേക്കും കടന്നു പോകേണ്ടത് ഇതുവഴിയാണ് ചരക്ക് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളും കൂടിയാകുമ്ബോള്‍ അപകടസാദ്ധ്യത ഏറുകയാണ്. സിഗ്നല്‍ ഇല്ലാത്ത് കൊണ്ട് തന്നെ വേഗത്തിലെത്താനുള്ള ശ്രമത്തിത്തിനിടെ വലിയ വാഹനങ്ങള്‍ തട്ടി ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെട്ടിട്ടുണ്ട്. ഇന്നലെ വൈകീട്ട് സ്‌കൂട്ടർ ബസിനടിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കഷ്ടിച്ചാണ് ജീവാപായം ഒഴിവായത്.

സ്റ്റോപ്പ് മാറ്റത്തിന്റെ ദുരിതവും 

എ.കെ.ജി ആശുപത്രി സ്റ്റോപ്പ് കഴിഞ്ഞാല്‍ ദീർഘദൂര ബസുകള്‍ക്ക് അടുത്ത സ്റ്റോപ്പ് കാള്‍ടെക്സിലാണ്. നേരത്തെ കെ.എസ്.ഇ.ബിയ്ക്ക് മുന്നിലുണ്ടായിരുന്ന സ്റ്റോപ്പ് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയതുവഴി വലിയൊരു വിഭാഗം ആളുകള്‍ക്ക് തിരക്കേറിയ റോഡ് രണ്ടിടത്ത് മുറിച്ചുകടക്കേണ്ട സ്ഥിതിയാണുള്ളത്. കളക്ടറേറ്റിലേക്കുള്ളവർക്ക് മാത്രമാണ് അന്നത്തെ പരിഷ്കാരം ഗുണകരമായത്. കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡ് പരിസരത്തേക്കും ഇവിടെയുള്ള ബസ് സ്റ്റോപ്പിലേക്കും പോകണമെങ്കിലും റോഡ് മുറിച്ചുകടക്കണം. കാള്‍ടെക്സില്‍ സിഗ്നല്‍ നോക്കിയാണ് ആളുകള്‍ സീബ്രാ ക്രോസിംഗിലൂടെ മറുവശം കടക്കുന്നത്. സിഗ്നല്‍ കൂടി തകരാറിലായതോടെ പഴയ അശാസ്ത്രീയ പരിഷ്കാരത്തിന്റെ അപകടം കൂടി യാത്രക്കാർക്ക് കണക്കിലെടുക്കേണ്ടതുണ്ട്.

കെല്‍ട്രോണ്‍ കരാർ തീർന്നു

ഗാന്ധി സർക്കിളിലേയും താണയിലേയും സിഗ്നല്‍ സംവിധാനം ഒരുക്കിയത് കെല്‍ട്രോണാണ്. അറ്റകുറ്റപ്പണി നടത്തേണ്ടതും കെല്‍ട്രോണിന്റെ ചുമതലയാണ്. കെല്‍ട്രോണുമായുള്ള കരാർ കാലാവധി ജനുവരി 31 ഓടെ അവസാനിച്ചിരുന്നു. ഇതിനൊപ്പം സിഗ്നലിന്റെ ഇൻവേർട്ടറും തകരാറായിരുന്നു. കോർപറേഷൻ ഇടപെട്ട് ഫണ്ട് ലഭ്യമാക്കി ഇൻവേർട്ടർ തകരാർ പരിഹരിച്ച്‌ സിഗ്നല്‍ പ്രവർത്തിപ്പിക്കാൻ നടപടിയായിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ സിഗ്നല്‍ പുന:സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post