ഉഷ്ണതരംഗ സാധ്യത; തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം ഏർപ്പെടുത്തുന്നതായി മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

മെയ് 15 വരെ ഉച്ചയ്‌ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമയ്‌ക്ക് എതിരെ കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ തൊഴിലാളി സഹോദരങ്ങള്‍ക്കും മെയ് ദിനാശംസകള്‍ നേരുന്നതായും മന്ത്രി അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരാള്‍ കൂടി മരണപെട്ടു. ആലപ്പുഴ ചെട്ടികാട് കെട്ടിട നിര്‍മാണ ജോലിക്കിടെ ഇലക്‌ട്രീഷ്യനായ സുഭാഷ് (34) ആണ് കുഴഞ്ഞു വീണുമരിച്ചത്. സുഭാഷിന് ഹൃദയാഘാതവുമുണ്ടായെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

പാലക്കാട് ഉഷ്ണ തരംഗത്തില്‍ വീടിനകത്ത് കിടന്നുറുങ്ങിയ വയോധികന് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി സ്വദേശി ക്യാപ്റ്റന്‍ സുബ്രമണ്യനാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഉറങ്ങി എഴുന്നേറ്റപ്പോഴാണ് കൈയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ വലതു കൈയില്‍ പൊള്ളിയ പാട് കണ്ടെത്തി. വീടിനു ചുറ്റും മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ട നിലയിലായിരുന്നു.

സംസ്ഥാനത്ത് ആലപ്പുഴയിലും കോഴിക്കോട്ടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ആലപ്പുഴയില്‍ രാത്രി താപനില ഉയരാന്‍ സാധ്യത. പാലക്കാട് ഓറഞ്ച് അലര്‍ട്ട് ആണ്. കൊല്ലം ,തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ട്.

Post a Comment

Previous Post Next Post