കൊച്ചി: സംസ്ഥാനത്ത് രണ്ടാം പിണറായി സർക്കാറിന്‍റെ ഭരണത്തിന് കീഴിലുള്ള മദ്യത്തില്‍നിന്നുള്ള നികുതിവരുമാനം നാല്‍പതിനായിരത്തി മുന്നൂറ്റിയാറ് കോടി.
മൂന്നുവർഷം കൊണ്ട് വിറ്റഴിഞ്ഞത് 48,804.72 കോടി രൂപയുടെ വിദേശ മദ്യമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഉപഭോഗത്തിലും ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.
സംസ്ഥാനത്ത് ഇപ്പോള്‍ മദ്യ നയവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഡ്രൈഡേ ഒഴിവാക്കല്‍, ബാർ കോഴ ആരോപണത്തില്‍ അന്വേഷണം എന്നിങ്ങനെ വിഷയത്തില്‍ ചർച്ചകള്‍ പുരോഗമിക്കുമ്ബോഴാണ് ബെവ്കോ കണക്കുകള്‍ പുറത്തുവിട്ടത്.
മൂന്ന് വർഷംകൊണ്ട് മദ്യപാനികളില്‍നിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്. ഈ കാലയളവില്‍ 4667.06 കോടിയുടെ ബിയറും വൈനും വില്പന നടത്തി. 2020-21 മുതല്‍ 2023-24 വരെ കാലയളവില്‍ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശ മദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്. 2021-22ല്‍ 18.66 കോടി നഷ്ടത്തിലായിരുന്ന ബെവ്കോ 2022-23ല്‍ 103.37 കോടിയുടെ ലാഭം നേടി.
അതേസമയം, പിണറായി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തില്‍ ബാറുകളുടെ എണ്ണത്തില്‍ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. ബാറുകളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ബവ്റിജസ് മദ്യവില്‍പന ശാലകളുടെ എണ്ണത്തില്‍ വർധനയില്ല. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 297 പുതിയ ബാർ ലൈസൻസുകള്‍ അനുവദിച്ചു. 475 ബിയർ ആൻഡ് വൈൻ പാർലറുകള്‍ക്കു ബാർ ലൈസൻസ് പുതുക്കി നല്‍കി. ഇതോടെ, ബാറുകളുടെ എണ്ണം 801 എന്ന റെക്കോർഡ് നമ്ബരിലെത്തി.
Post a Comment