നടുവിൽ : ജലസംരക്ഷണത്തിനായി തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുത്ത് നിർമിച്ച തടയണകളും ചെക്‌ഡാമുകളും സ്മാരകങ്ങളായി. മലയോരത്തെ പഞ്ചായത്തുകളിൽ നൂറിലധികം തടയണകളാണ് വരൾച്ചക്കാലത്ത് തുള്ളിവെള്ളം സംരക്ഷിക്കാനാകാതെ നോക്കുകുത്തികളായത്.
ചൂടിൽ കാർഷികമേഖലയിലെ വിളവുകൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണിപ്പോൾ. ആയിരക്കണക്കിന് ഏത്തവാഴകൾ നടുവിൽ പഞ്ചായത്തിൽ മാത്രം ഉണങ്ങി നശിച്ചിട്ടുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ കാർഷികമേഖലയ്ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രചരിപ്പിച്ചാണ് വിവിധ ഭാഗങ്ങളിൽ തടയണകൾ നിർമിച്ചത്. 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് നിർമാണം നടന്നത്.
2000-നും 2015-നും ഇടയിൽ പശ്ചിമഘട്ട സംരക്ഷണപദ്ധതിയുടെ ഭാഗമായി സ്വകാര്യ നിർവഹണ ഏജൻസി നടുവിൽ പഞ്ചായത്തിൽ മുപ്പതോളം ചെറുതടയണകൾ നിർമിച്ചിരുന്നു. ഒന്നുപോലും ഇതിൽ വിജയിച്ചില്ല. ഇതിനുപുറമെ ബ്ലോക്ക് പഞ്ചായത്തും നിരവധി ചെക് ഡാമുകൾ നിർമിച്ചു. പല തടയണകളും എവിടെയാണെന്നുപോലും അധികൃതർക്ക് അറിയില്ല.
മൈലംപെട്ടി, മുളകുവള്ളി, കാവുംകൂടി, പൂവന്നൂർ, തേർമല റോഡ്, കണ്ടത്തിൽ പീടിക, മണ്ണംകുണ്ട്, കരുവഞ്ചാൽ, സ്വരാജ് നഗർ എന്നിവിടങ്ങളിലെ തോടുകളിലെല്ലാം തടയണകൾ നിർമിച്ചിരുന്നു. ഒരു വർഷത്തിൽ കൂടുതൽ ജലം സംരക്ഷിച്ചവ ഇക്കൂട്ടത്തിലില്ലെന്ന് കൃഷിക്കാർ പറയുന്നു.
താവുന്ന്-ഓർക്കയം തോട്ടിലെ താവുന്നിലും ഓർക്കയത്തും ഉടുമ്പൻ ചീത്തയിലും നിർമിച്ച തടയണകളും കർഷകർക്ക് ഉപകരിക്കാത്തവയാണ്. താവുന്ന് തോട്ടിൽ 30 ലക്ഷം മുടക്കിയാണ് നിർമാണം നടന്നത്. മലയോരഹൈവേയുടെ പാലം നിർമാണം നടന്നതോടെ ചെക്‌ഡാം മണ്ണിനടിയിലായി. തോടും ജനുവരിയോടെ വറ്റിവരളാൻ തുടങ്ങി.
Post a Comment