മാലിന്യം തള്ളല്‍: കരുവഞ്ചാല്‍ പുഴ നാശത്തിലേക്ക്

കരുവഞ്ചാല്‍: കരുവഞ്ചാല്‍ പുഴയെ സാമൂഹ്യദ്രോഹികള്‍ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്ബോള്‍ അധികാരികള്‍ നോക്കുകുത്തിയാകുന്നു.

കരുവഞ്ചാലില്‍ പുഴയോരത്ത് എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും മദ്യക്കുപ്പികളും മത്സ്യ-മാംസ അവശിഷ്ടങ്ങളും കാണാം. ഇതിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തോ ആരോഗ്യ വകുപ്പോ തയാറാവുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. 

പലതവണ പരിസ്ഥിതി പ്രവർത്തകർ പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പോലീസിലും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ആ സമയത്ത് മാത്രം താല്‍ക്കാലികമായി ഒരു പരിശോധന നടത്തുന്നതല്ലാതെ തുടർനടപടികള്‍ സ്വീകരിക്കാനോ ശാശ്വത പരിഹാരം കാണാനോ അധികൃതർ തയാറാകുന്നില്ല. പുഴയെ ആശ്രയിച്ച്‌ നിരവധി കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. 

പുഴയുടെ സമീപത്തായി കുടിവെള്ള സ്രോതസുകളും നിരവധിയാണ്. പുഴയില്‍ നിന്നും വരുന്ന മലിനജലം ഈ കുടിവെള്ള സ്രോതസുകളിലും എത്തിച്ചേരുന്നുണ്ട്. ഇതു മാരകമായ രോഗങ്ങള്‍ക്കു വരെ കാരണമായിത്തീരാം. 

മീമ്ബറ്റി പച്ചത്തുരുത്തിനു സമീപവും കഴിഞ്ഞദിവസം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുവന്നു തള്ളിയിട്ടുണ്ട്. ഇതില്‍ പഴകിയ തുണികളും ഉള്‍പ്പെടുന്നു. 

ഇതിനെതിരെ പുഴയോര സംരക്ഷണ സമിതി പ്രവർത്തകർ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post