ഇത് ചരിത്രത്തില്‍ ആദ്യം; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു


ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് കടന്നു. പീക്ക് അവർ വൈദ്യുതി ഉപഭോഗത്തിലും സർവ്വകാല റെക്കോർഡ് രേഖപ്പെടുത്തിയ ഇന്നലെ 11.01039 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.

പീക്ക് അവറില്‍ ഇന്നലെ വൈകിട്ട് മാത്രം ഉപയോഗിച്ചത് 5487 മെഗാവാട്ട് വൈദ്യുതിയാണ്. 21 സബ്സ്റ്റേഷനുകളുടെ നിർമ്മാണം കഴിഞ്ഞ രണ്ടര വർഷത്തിനിടയില്‍ പൂർത്തിയാക്കിയതിനാല്‍ സംസ്ഥാനത്ത് ഇതുവരെയും നിയന്ത്രണം ഏർപ്പെടുത്താതെ ഇത്രയും അധികം വൈദ്യുതി ലഭ്യമാക്കാൻ കഴിഞ്ഞത് എന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.

അതേ സമയം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോർഡ് തീർത്തതോടെ രാത്രി 12 മണിക്ക് ശേഷം മാത്രമേ വൈദ്യുത വാഹനങ്ങള്‍ ചാർജ് ചെയ്യാവൂ എന്ന് കെ എസ്‌ഇ ബി ഉപഭോക്താക്കള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുമുണ്ട്. വൻതോതില്‍ വൈദ്യുതി വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതിലൂടെ ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും വരെ കാരണമാകുന്നുണ്ട്.

12 മണിക്ക് ശേഷമോ പകല്‍ സമയങ്ങളിലോ വൈദ്യുതി വാഹനങ്ങള്‍ ചാർജ് ചെയ്യുന്നത് ക്രമീകരിക്കുന്നത് ഉചിതം ആയിരിക്കുമെന്നാണ് കെ എസ്‌ഇ ബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post