അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു



അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു. 32 വയസ്സായിരുന്നു. കഴിഞ്ഞ മാർച്ച്‌ 26ന് ആലുവ പറവൂർ റോഡ് സെറ്റില്‍മെന്റ് സ്കൂളിന് മുന്നില്‍ വച്ച്‌ ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുജിത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.


തോന്ന്യക്കാവ് ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് 5 മണിക്ക് സംസ്കാരം നടക്കും. യുവ താരമായ സുജിത്ത് ‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സണ്ണി ലിയോണിയുടെ മലയാള ചിത്രമായ ‘രംഗീല’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.


കുഞ്ഞായിരുന്നപ്പോള്‍ തന്നെ ഭരതനാട്യം, കർണാട്ടിക് സംഗീതം എന്നിവ അഭ്യർത്ഥിച്ചിരുന്ന സുജിത്ത് തന്റെ അരങ്ങേറ്റ ചിത്രമായ ‘കിനാവള്ളി’ യില്‍ ഒരു ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ കിനാവള്ളിയില്‍ അഭിനയിച്ച സുജിത്ത് ദുബായില്‍ ജനിച്ച്‌ വളർന്ന ആളാണ്.


ഏഴു വർഷത്തോളം അമേരിക്കൻ മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ ജോലി ചെയ്തതിനു ശേഷം ആണ് അഭിനയരംഗത്തേക്ക് എത്തുന്നത്. തമിഴില്‍ സണ്ണി ലിയോണി വേഷമിടുന്ന ‘ഷീറോ’ എന്ന ചിത്രത്തിലും സുജിത്ത് വേഷമിടുന്നുണ്ട്.

Post a Comment

Previous Post Next Post