ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 102 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാഥികൾ. ആകെ 1625 സ്ഥാനാർഥികളാണ് നാളെ ജനവിധി തേടുന്നത്.
തമിഴ്നാട്ടിൽ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. രാജസ്ഥാനിൽ 12 സീറ്റുകളിലും യുപിയിൽ എട്ടിലും ബിഹാറിൽ നാലിലും ബംഗാളിൽ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. പശ്ചിമബംഗാൾ (3), ആൻഡമാൻ നിക്കോബാർ (1), ജമ്മു കശ്മീർ (1), ഛത്തീസ്ഗഢ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പുർ (2), അരുണാചൽപ്രദേശ് (2), അസം (5), ബിഹാർ (4), മേഘാലയ (2), മിസോറം (1), നാഗാലാൻഡ് (1), സിക്കിം (1), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലും നാളെയാണ് വോട്ടെടുപ്പ്. നക്‌സൽ വേട്ട നടന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യം വലിയ പ്രതീക്ഷയിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിനും ഇടത് പക്ഷത്തിനും മുസ്‌ലിം ലീഗിനും ഒപ്പമാണ് ഡി.എം.കെയും ഉൾപ്പെട്ട ഇന്ത്യ മുന്നണി മത്സരിക്കുന്നത്. 39 സീറ്റിലും വിജയിക്കുമെന്നാണ് ഈ മുന്നണിയുടെ പ്രതീക്ഷ. അതേസമയം വൻ മുന്നേറ്റം ഇക്കുറിയുണ്ടാകുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും മുന്നോട്ട് വയ്ക്കുന്നത്.
Post a Comment