IPL 2024: 20 ഓവറില്‍ 277, ഹൈദരാബാദിന്റെ 'കൊലയടി', മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്- പാവം ഹാര്‍ദിക്





ട്രവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെയിന്‍റിച്ച്‌ ക്ലാസ്സനും എയ്ഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റണ്‍ മല സൃഷ്ടിച്ച്‌ സണ്‍റൈസേഴ്സ് ഹൈദ്രാബാദ്.
277 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ സണ്‍റൈസേഴ്സ് നേടിയത്.
ട്രാവിസ് ഹെഡ് അടിച്ച്‌ തകര്‍ത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയെ ന്യൂ ബോള്‍ എല്പിക്കാതിരുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. മയാംഗ് അഗര്‍വാള്‍ പുറത്താകുമ്ബോള്‍ 45 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് 4.1 ഓവറില്‍ നേടിയത്.
പിന്നീട് ഹെഡും അഭിഷേക് ശര്‍മ്മയും താണ്ഡവം ആടിയപ്പോള്‍ സണ്‍റൈസേഴ്സിന് മുന്നില്‍ മുംബൈ ബൗളിംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. ഹെഡിനെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കുമ്ബോള്‍ താരം 24 പന്തില്‍ 62 റണ്‍സാണ് നേടിയത്. 9 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്.
പത്തോവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. അഭിഷേക് ശര്‍മ്മ 23 പന്തില്‍ 63 റണ്‍സ് നേടി 11ാം ഓവറില്‍ പുറത്തായപ്പോള്‍ സണ്‍റൈസേഴ്സ് 161/3 എന്ന നിലയിലായിരുന്നു. പകരം എത്തിയ എയ്ഡന്‍ മാര്‍ക്രം - ഹെയിന്‍റിച്ച്‌ ക്ലാസ്സന്‍ കൂട്ടുകെട്ട് ടീമിനെ 15ാം ഓവറില്‍ 200 കടത്തുകയായിരുന്നു.
നാലാം വിക്കറ്റില്‍ ക്ലാസ്സന്‍ - മാര്‍ക്രം കൂട്ടുകെട്ട് 55 പന്തില്‍ 116 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്സ് കുതിച്ചുയര്‍ന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് 277 റണ്‍സ് നേടിയപ്പോള്‍ സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ക്ലാസ്സന്‍ 34 പന്തില്‍ 80 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 42 റണ്‍സ് നേടി എയ്ഡന്‍ മാര്‍ക്രവും പുറത്താകാതെ നിന്നു.

Post a Comment

Previous Post Next Post