ചന്ദനക്കാംപാറ: മലയോര മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിന്‍റെ ദുരിതം ചില്ലറയല്ല. കഴിഞ്ഞ 10 വർഷത്തിലധികമായി ഔട്ട് ഓഫ് കവറേജ് ഏരിയയിലാണ് ശ്രീകണ്ഠപുരം നഗരസഭയിലെ ചില വാർഡുകളും പയ്യാവൂർ, ഏരുവേശി, നടുവില്‍, ഇരിക്കൂർ, പടിയൂർ പഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളും.
കാട്ടാനക്കലിയില്‍ ഉറക്കമിളച്ചിരുന്ന ചന്ദനക്കാംപാറ, ആടാംപാറ, വഞ്ചിയം, പൊട്ടംപ്ലാവ്, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി കൂടാതെ വിളക്കന്നൂർ, പടിയൂർ, ഊരത്തൂർ, ഏരുവേശി, മടമ്ബം, അലക്സ് നഗർ തുടങ്ങിയ നിരവധി ഗ്രാമങ്ങളിലും പ്രശ്നം രൂക്ഷമാണ്. ടവറുകള്‍ക്ക് താഴെ പോലും പതിവായി "കറങ്ങി' തീർക്കുകയാണ് ബിഎസ്‌എൻഎലിന്‍റേയും സ്വകാര്യകമ്ബനികളുടേയും റേഞ്ച് മാജിക്.
ഏരുവേശി പഞ്ചായത്തിലെ പുളിച്ചോട് മേഖലയില്‍ മൊബൈല്‍ ഫോണിന് റേഞ്ചില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം പ്രതിസന്ധിയിലായതിന് ഇന്നും മാറ്റമൊന്നും വന്നിട്ടില്ല. കുട്ടികള്‍ പകല്‍സമയത്ത് പ്രദേശത്തെ മലമുകളിലിരുന്നാണ് ഓണ്‍ലൈൻ പഠനം നടത്തിയിരുന്നത്. ടവര്‍ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ കുറെ ടവറുകള്‍ സ്ഥാപിച്ചു. എന്നിട്ടും ഫലം തഥൈവ!
പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറയില്‍ കാട്ടാനയിറങ്ങിയപ്പോഴാണ് ഫോണിന്‍റെ പ്രദേശങ്ങളിലെ റേഞ്ച് പ്രശ്നം പലരും മനസിലാക്കുന്നത്. മേഖലയില്‍ മൊബൈല്‍ ടവർ സ്ഥാപിച്ചു ദുരിതം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിച്ചു. പക്ഷെ ഇപ്പോഴും റേഞ്ച് പ്രശ്നം തുടരുകയാണ്.
മലയോരത്ത് ഓണ്‍ലൈനിലൂടെ ജോലി ചെയ്യുന്നവരും പ്രതിസന്ധിയിലാണ്. നടുവിലും പടിയൂരിലും കുന്നത്തൂരിലും ബിഎസ്‌എൻഎലിന് ടവർ ഉണ്ടെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനമില്ല. ഉയർന്ന പ്രദേശത്ത് കയറിയാലെ നെറ്റ്‌വര്‍ക്ക് കിട്ടൂ. മുമ്ബ് സ്വകാര്യ കമ്ബനികള്‍ക്ക് ഇവിടെ റേഞ്ച് കിട്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതുമില്ല. ഒരാള്‍ക്ക് റേഞ്ച് കിട്ടുന്നുണ്ടെങ്കില്‍ എല്ലാവരും ആ സിം കമ്ബനിയുടെ പിറകെ പോകും. മിക്ക വീടുകളിലും ആളാംവീതം രണ്ടു ഫോണും നാല് കമ്ബനികളുടെ നമ്ബറുകളുമാണ് ഉപയോഗിക്കുന്നത്.
കാഞ്ഞിരക്കൊല്ലിയില്‍ ഒരു വീട്ടില്‍ ആറ് പേർ 12 ഫോണുകളാണ് ഉപയോഗിക്കുന്നത്. സിമ്മിന്‍റെ എണ്ണം 28 കടക്കും. പല ഗ്രാമങ്ങളിലും ബിഎസ്‌എൻഎല്‍ പൂർണമായും പടിക്ക് പുറത്താണിപ്പോള്‍. സ്വകാര്യകമ്ബനികളാണെങ്കല്‍ കണക്‌ഷൻ കൂട്ടാൻ മാത്രം മികച്ച സേവനം നല്കിയും പിന്നീട് വേണ്ട സർവീസ് നല്കാതെയും നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്.
Post a Comment