കണ്ണൂർ: സ്വന്തം വീട്ടുമുറ്റത്ത് ഭൂമി തുരന്ന് മായാലോകം തീർക്കുകയാണ് ചെരിയൻപുറത്ത് തോമസ്. തായ്ലാൻഡില്‍ കണ്ട കാഴ്ചകള്‍ കണ്ണൂർ മാതമംഗലത്തിനടുത്ത പെരുവാമ്ബയിലെ സ്വന്തം വീട്ടുവളപ്പില്‍ യാഥാർഥ്യമാക്കാൻ 70-ാം വയസ്സിലും ഈ കർഷകൻ ഭൂമി തുരക്കുകയാണ്.
ഈ ശ്രമം തുടങ്ങിയിട്ട് രണ്ടരവർഷത്തിലധികമായി. രാവിലെ പിക്കാസുമായി ഗുഹയ്ക്കകത്ത് കയറും. 14 മണിക്കൂർ വരെ പണി തുടർന്ന ദിവസങ്ങളുണ്ട്. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രം പുറത്തുവരും.
75 മീറ്റർ നീളത്തില്‍ ഗുഹയുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. എട്ടടിയോളം ഉയരമുള്ള ഇതിനുള്ളില്‍ ഒരാള്‍ക്ക് നീണ്ടുനിവർന്ന് നടക്കാം. ഇതുവരെ പണിയെല്ലാം ചെയ്തത് പരസഹായമില്ലാതെയാണ്. തുരന്നെടുക്കുന്ന മണ്ണ് സ്വന്തം തോട്ടത്തില്‍ നിരത്തുന്നതും തോമസ് ഒറ്റയ്ക്കാണ്.
സിങ്കപ്പൂരില്‍ ജോലിചെയ്യുന്ന മൂത്തമകൻ ജിസ്മോൻ തോമസിനും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കാൻ തോമസും ഭാര്യ സാലിയും ഇടയ്ക്കിടെ പോകാറുണ്ടായിരുന്നു. ആ ഒരു യാത്രയിലാണ് തായ്ലാൻഡിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ ഭൂമിക്കടിയിലെ നിർമിതികള്‍ തോമസിനെ ആകർഷിച്ചത്. ഇതുപോലൊന്ന് എന്തുകൊണ്ട് തനിക്കും നിർമിച്ചുകൂടാ എന്ന ചിന്തയായി.
ഒരു പിക്കാസുമായി 2021 മാർച്ചില്‍ പണി തുടങ്ങി. ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വീട്ടുകാരും തോമസിന്റെ നിശ്ചയദാർഢ്യത്തിനു മുന്നില്‍ കീഴടങ്ങി. മഴക്കാലമെത്തിയതോടെ ഗുഹയില്‍ മുട്ടോളം വെള്ളമായി. പക്ഷേ തോമസ് പണി നിർത്തിയില്ല.
വെള്ളത്തില്‍ നിന്നുകൊണ്ടു തന്നെ പണിയെടുത്തു. മണ്ണിടിഞ്ഞ് വീണ് അപായമുണ്ടാകുമോയെന്ന ഭയമായിരുന്നു ഭാര്യക്ക്. കൂസലില്ലാതെ തോമസ് തുരങ്കത്തിന് ശാഖകളും ഉപശാഖകളുമായി മുന്നോട്ടുതന്നെ പോയി.
രണ്ട് പ്രവേശനകവാടം
ചെങ്കല്‍പ്പാറകള്‍ക്കിടയില്‍ തീർത്ത മനോഹരമായ തുരങ്കത്തില്‍ ഏതുസമയവും നല്ല തണുപ്പാണ്. വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്ന തുരങ്കം റബ്ബർ തോട്ടത്തിനടിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് പ്രവേശന കവാടങ്ങളുമുണ്ട്. സ്വന്തം കൃഷിയിടത്തിലെ പണികളും റബ്ബർ ടാപ്പിങ്ങുമെല്ലാം പുലരും മുൻപ് തീർത്ത് തോമസ് തുരങ്കനിർമാണം തുടരുകയാണ്, നൂറുമീറ്റർ എന്ന ലക്ഷ്യത്തിലേക്ക്. മികച്ച കർഷകൻ കൂടിയാണ് തോമസ്. ഇരുനിലവീടിന്റെ വാർപ്പ് ജോലി ഒഴികെയുള്ള പണിയെല്ലാം ചെയ്തതും തോമസ് തനിച്ചാണ്. തോമസ്-സാലി ദമ്ബതിമാരുടെ രണ്ടാമത്തെ മകൻ വിമല്‍ തോമസ് കുടുംബസമേതം അയർലൻഡിലാണ്.
Post a Comment