ഡല്‍ഹി: പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ പിഴയിനത്തില്‍ നിന്നും 600കോടിയിലധികം രൂപ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍.
അതേസമയം 11.48 കോടിയിലധികം പാന്‍കാര്‍ഡുകള്‍ ആധാറുമായി ഇനിയും ബന്ധിപ്പിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
"2024 ജനുവരി 29 ലെ കണക്ക് പ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകളുടെ എണ്ണം 11.48 കോടിയാണ്," എന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ പറഞ്ഞു.
2023 ജൂണ്‍ 30നകം ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ജൂണ്‍ 30 ന് ശേഷം ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിക്കുന്നവര്‍ നിശ്ചിത തുക പിഴയായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. 1000 രൂപയാണ് പിഴയായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
"പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികളില്‍ നിന്ന് 2023 ജൂലൈ 1 മുതല്‍ 2024 ജനുവരി 1 വരെ 601.97 കോടി രൂപ പിഴയായി ലഭിച്ചിട്ടുണ്ട്," എന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ 2023 ജൂലൈ 1 മുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് കേന്ദ്ര ആദായനികുതി വകുപ്പും അറിയിച്ചിരുന്നു. 1000 രൂപ പിഴയൊടുക്കി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമെന്നും ആദായനികുതി വകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നു.
പാന്‍കാര്‍ഡ്-ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ചില വിഭാഗം ആളുകളെ ഒഴിവാക്കിയിട്ടുണ്ട്. 2017ല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം ആസാം, ജമ്മു കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കിലും ഐടി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഇവ രണ്ടും ബന്ധിപ്പിക്കാത്തിടത്തോളം കാലം ഇന്‍കം ടാക്സ് റിട്ടേണുകള്‍ ആദായ നികുതി വകുപ്പ് പ്രോസസ് ചെയ്യില്ല.
ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപത്തെയും സാരമായി ബാധിക്കും. കാരണം ബാങ്കിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം കെവൈസി വിവരങ്ങളാണ്. കെവൈസി വിവരങ്ങള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പാന്‍കാര്‍ഡ് അത്യാവശ്യമാണ്. പാന്‍കാര്‍ഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കില്‍ അവ നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിനും ഭീഷണിയാകും. സേവിംഗ്‌സ് നിക്ഷേപത്തില്‍ നിന്ന് 10,000 രൂപയ്ക്ക് മുകളില്‍ പലിശ നേടുകയാണെങ്കില്‍ ടിഡിഎസായി നികുതി കുറയ്ക്കുന്നത് 20 ശതമാനമായിരിക്കും. എന്നാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന ടിഡിഎസ് ഇതിന് ഇരട്ടിയായിരിക്കും.
Post a Comment