തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികള്‍ വളര്‍ത്തിയ പശുക്കളില്‍ 13 എണ്ണം ചത്തനിലയില്‍; അഞ്ചെണ്ണം അവശനിലയില്‍


തൊടുപുഴ: തൊടുപുഴ വെള്ളിയാമറ്റത്ത് കുട്ടികളായ സഹോദരങ്ങള്‍ വളര്‍ത്തിയ പശുക്കള്‍ ചത്തനിലയില്‍.
13 പശുക്കളെയാണ് രാവിലെ ചത്തനിലയില്‍ കണ്ടെത്തിയത്. അഞ്ച് പശുക്കള്‍ അവശനിലയിലാണ്. 

കപ്പതൊണ്ട് കഴിച്ചതാണ് പശുക്കള്‍ ചാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃഗവകുപ്പില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അവശ നിലയിലുള്ള പശുക്കളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ്. 

വെള്ളിയാമറ്റം സ്വദേശികളായ കറുകപള്ളി ജോര്‍ജ്കുട്ടി, മാത്യൂ എന്നീ സഹോദരങ്ങള്‍ വളര്‍ത്തിയ പശുക്കളാണ് ചത്തത്. പിതാവ് ബെന്നിയുടെ മരണശേഷം കുടുംബം പോറ്റുന്നതിനാണ് കുട്ടികള്‍ പിതാവ് വളര്‍ത്തിയിരുന്ന 20 പശുക്കളുടെ സംരക്ഷണം ഏറ്റെടുത്തത്. കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവുമായിരുന്നു ഈ പശുക്കള്‍. 

പശു പരിപാലനത്തില്‍ ഇവര്‍ക്കുള്ള താല്‍പര്യം കണക്കിലെടുത്ത് മികച്ച കുട്ടി കര്‍ഷകര്‍ക്കുള്ള പുരസ്‌കാരവും മാത്യുവിന് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post