കണ്ണൂര്‍: രാത്രിയായാല്‍ നഗരം കന്നുകാലികള്‍ കൈയടക്കിയതോടെ ഭീതിയില്‍ യാത്രക്കാര്‍. പഴയ ബസ് സ്റ്റാന്‍ഡ്, സ്റ്റേഡിയം കോര്‍ണര്‍, കാല്‍ടെക്‌സ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളിലെല്ലാം കൂട്ടത്തോടെയാണ് കന്നുകാലികളുടെ യാത്ര.
ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും ഇവയ്ക്ക് മുന്നില്‍പ്പെട്ട തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
നഗരത്തില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ദിനംപ്രതി വര്‍ധിക്കുമ്ബോഴും നടപടിയെടുക്കുമെന്ന കോര്‍പറേഷന്‍റെ ഉത്തരവും പേരിലൊതുങ്ങുകയാണ്. രാത്രി സമയങ്ങളില്‍ കൂട്ടത്തോടെ റോഡിലിറങ്ങുന്ന നാല്‍ക്കാലികള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതമാകുകയാണ്. പഴക്കടകളില്‍ നിന്നുള്ള മാലിന്യമാണ് ഇവയുടെ ഭക്ഷണം. ഈ കന്നുകാലികള്‍ ഉപദ്രവിച്ചാല്‍ പോലും ഉടമ തിരിഞ്ഞ് നോക്കില്ല.
പശുക്കളെ പാല്‍കറന്ന് കഴിഞ്ഞതിന് ശേഷം ഉടമകള്‍ അഴിച്ചു വിടുകയാണ്. പാല്‍കറക്കുന്ന കൃത്യസമയം ഇവ ഉടമസ്ഥന്‍റെ സ്ഥലത്തെത്തുകയും ചെയ്യും. നാല്‍ക്കാലികളെ നഗരത്തില്‍ അഴിച്ചുവിടുന്ന ഉടമകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു.
പാറക്കണ്ടിയില്‍ കോര്‍പറേഷന്‍റെ തൊഴുത്തുണ്ട്. നഗരത്തില്‍ അഴിച്ചുവിട്ടാല്‍ 2500 രൂപ പിഴയും കോര്‍പറേഷന്‍റെ തൊഴുത്തില്‍ പാര്‍പ്പിക്കുന്ന ഓരോ ദിവസവും 500 രൂപ വീതവും ഈടാക്കും. ഉടമസ്ഥന്‍ വന്നില്ലെങ്കില്‍ ലേലം ചെയ്യും. എന്നാല്‍ ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന മട്ടിലാണ് കന്നുകാലികളെ അഴിച്ചുവിടുന്നവര്‍. അതേസമയം കന്നുകാലി പിടുത്തക്കാരെ കിട്ടാത്തതും പ്രതിസന്ധിയാണ്.

Post a Comment