അവധിക്കാലം മുതലെടുത്ത് ദീര്‍ഘദൂര ബസുകളുടെ കൊള്ള

 


കണ്ണൂര്‍: ക്രിസ്‌മസ് പുതുവത്സര അവധിക്കാലത്ത് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച്‌ കണ്ണൂര്‍ - ബംഗളൂരൂ റൂട്ടിലെ സ്വകാര്യബസുടമകള്‍.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് റൂട്ടിലേക്കുള്ള യാത്രാനിരക്കുകള്‍ ഇരട്ടിയോളമാണ് വര്‍ദ്ധിപ്പിച്ചത്.


മൂന്ന് ജില്ലകളില്‍ നിന്നുള്ള നിരവധി പേര്‍ ബംഗളൂരുവില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിൻ സര്‍വീസ് കുറവായതിനാല്‍ ഭൂരിഭാഗം പേരും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ബംഗളൂരു-കണ്ണൂര്‍ റൂട്ടിലെ വിമാന നിരക്കിലും ഇരട്ടിയോളം വര്‍ദ്ധനയുണ്ടായി.

നിലവില്‍ 2000 രൂപയിലധികമാണ് ബസുടമകള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്. ഇതില്‍ യാതൊരു ഏകീകരണവും ഇല്ല. കഴിഞ്ഞ ദിവസം ബംഗളൂരില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വീസ് നടത്തിയ ഒരു സ്വകാര്യബസിന്റെ എ.സി സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 3290 രൂപയായിരുന്നു. സാധാരണ നിലയില്‍ സ്ലീപ്പര്‍ ടിക്കറ്റിന് 1000, നോണ്‍ എ.സി 900, സെമി സ്ലീപ്പര്‍ 800 എന്നിങ്ങനെയാണ് നിരക്ക്. സെമിസ്ലീപ്പര്‍ ടിക്കറ്റ് നിരക്കില്‍ 2700 രൂപയോളം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെബ്സൈറ്റ് മുഖേനയുള്ള ടിക്കറ്റ് ബുക്കിംഗ് നേരത്തെ നിര്‍ത്തലാക്കി ഫോണ്‍ വഴിയാണ് ഇപ്പോള്‍ ബുക്കിംഗ് നടത്തുന്നത്. ടിക്കറ്റിന് ക്ഷാമമാണെന്ന് കാണിച്ച്‌ പണം കൂട്ടി വാങ്ങാനുള്ള തന്ത്രമാണ് ഇതെന്ന് യാത്രക്കാര്‍ പറയുന്നു.

കണ്ണൂര്‍ - ബംഗളൂരു റൂട്ടില്‍ അവധിക്കാലത്ത് സ്പെഷ്യല്‍ ട്രെയിൻ അനുവദിക്കണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ്. എന്നാല്‍ അതുണ്ടായില്ല. നിലവില്‍ ഈ റൂട്ടില്‍ ദിവസം രണ്ടു ട്രെയിനുകളും മംഗലാപുരത്ത് നിന്ന് ആഴ്ചയില്‍ ഒരു ട്രെയിനുമാണ് സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളില്‍ അധിക കോച്ചും അനുവദിച്ചിരുന്നില്ല. ഈ ട്രെയിനുകളിലെ ടിക്കറ്റെല്ലാം ആഴ്ചകള്‍ക്ക് മുമ്ബേ ബുക്കിംഗ് ആകുകയും ചെയ്തു

 21 മുതല്‍ കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് സാധാരണ നടത്തുന്ന പത്ത് സര്‍വീസുകള്‍ക്ക് പുറമേ അധികമായി അഞ്ചു സര്‍വീസുകളാണ് നടത്തിയത്. ഡീലക്സ്, സൂപ്പര്‍ എക്സ്‌പ്രസ് ബസുകളാണ് സര്‍വീസ് നടത്തുന്നത്. സാധാരണ ദിവസങ്ങളില്‍ എക്സ്‌പ്രസിന്-422, ഡീലക്സിന് 546 രൂപയാണെങ്കില്‍ അധിക സര്‍വീസുകള്‍ക്ക് യഥാക്രമം 546, 679 രൂപയായിരുന്നു നിരക്ക്. കാസര്‍കോട് ജില്ലയില്‍ നിന്ന് ബസുകള്‍ കുറവായതിനാല്‍ അവരും കണ്ണൂരില്‍ നിന്നുള്ള ബസുകളെയാണ് ആശ്രയിക്കുന്നത്.

Post a Comment

Previous Post Next Post