കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസിൽ അന്വേഷണം നടത്തുക. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.
ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശി പദ്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ഇവർ മൂന്നുപേർക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അതേസമയം, കേസിൽ പോലീസ് നൽകിയ വിശദീകരണത്തിൽ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനിൽക്കുന്നുണ്ട്. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. അടക്കമുള്ളവർ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.
കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാർ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നൽകിയ വിശദീകരണം. ഒരുവർഷമായി ഇവർ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുൻപാണ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തുലക്ഷം രൂപ ആവശ്യംവന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാൻ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികൾ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

Post a Comment