കൊച്ചി: റോബിൻ ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ് റദ്ദാക്കിയ ഗതാഗത വകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് നടപടി മരപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. പെർമിറ്റ് അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുത്താൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും ഉത്തരവിൽ പറയുന്നു.
ബുധനാഴ്ചയായിരുന്നു റോബിൻ ബസിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഗതാഗത വകുപ്പ് റദ്ദാക്കിയത്. തുടർച്ചയായ നിയമലംഘനം കണക്കിലെടുത്തായിരുന്നു നടപടി. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ബസ് എം.വി.ഡി. പിടിച്ചെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. തുടർന്ന്, ബസ് പത്തനംതിട്ട എ.ആർ. ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.
മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബൻ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥർ അന്ന് വ്യക്തമാക്കിയത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ നൽകുന്ന നിർദേശം. എന്നാൽ, ഏത് പോയിന്റിൽ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവർത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാൻ കാരണം.

Post a Comment