കൊല്ലം തട്ടിക്കൊണ്ടുപോകൽ കേസ്; കുട്ടിയെ ഓട്ടോയിൽ കൊണ്ടുവന്ന സ്ത്രീയുടെ ഉൾപ്പെടെ 3 രേഖാ ചിത്രങ്ങൾ പുറത്ത്

 


കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. 


തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകളുടെയും  ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, ആറു വയസ്സുകാരി കൊല്ലം വിക്ടോറിയ ആശുപത്രി വിട്ടു. തട്ടിക്കൊണ്ടുപോയി 20മണിക്കൂറിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കൊല്ലം ആശ്രാമത്തെ മൈതാനത്ത് ഉപേക്ഷിച്ചത്. തുടര്‍ന്ന് കുട്ടിയെ ചൊവ്വാഴ്ച വൈകീട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും നിരീക്ഷണത്തിനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആശുപത്രി വിട്ട ആറു വയസ്സുകാരിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടക്കും. പൊലീസ് സുരക്ഷയിലാണ് കുടുംബത്തിന്‍റെ യാത്ര. 

Post a Comment

Previous Post Next Post