ടോള്‍ പ്ലാസയും വ്യാജൻ; ഗുജറാത്തില്‍ തട്ടിച്ചത് 75 കോടി രൂപ, ഒന്നര വര്‍ഷംപിരിച്ചു



അഹമ്മദാബാദ്: ഗുജറാത്തില്‍ ദേശീയപാതയ്ക്ക് സമാന്തരമായി വ്യാജ ടോള്‍ പ്ളാസ നിര്‍മിച്ച്‌ ഒരുസംഘം ഒന്നരവര്‍ഷംകൊണ്ട് പിരിച്ചെടുത്തത് 75 കോടി രൂപ.

സ്വാധീനശക്തിയുള്ള പ്രതികളെ പേടിച്ച്‌ ഔദ്യോഗിക ടോള്‍പ്ളാസ അധികാരികള്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ അഞ്ചാളുടെപേരില്‍ കേസെടുത്തു.


അഹമ്മദാബാദ്-മണ്ഡാവി ദേശീയപാത എൻ.എച്ച്‌. എട്ട് എ യില്‍ മോര്‍ബി ജില്ലയിലെ വാങ്കനേര്‍ പട്ടണത്തിനടുത്ത് വഘാസിയയിലാണ് വ്യാജ ടോള്‍ഗേറ്റ് പ്രവര്‍ത്തിച്ചിരുന്നത്. പ്രവര്‍ത്തിക്കാതെ കിടന്ന ഒരു ടൈല്‍ ഫാക്ടറിയുടെ സ്ഥലമാണ് ഇതിനുപയോഗിച്ചത്. മോര്‍ബിയില്‍നിന്ന് വാങ്കനേറിലേക്ക് വരുന്ന വാഹനങ്ങളെ ചുരുങ്ങിയ ടോള്‍ വാങ്ങി ഇതുവഴി കടത്തിവിട്ടു. തിരിച്ചുള്ള വാഹനങ്ങളെ വഘാസിയ ഗ്രാമത്തിലൂടെയാണ് വിട്ടത്. രണ്ടുസ്ഥലത്തും അനധികൃതമായി ടോള്‍ ഗേറ്റുകളുണ്ടാക്കി.


വഘാസിയയില്‍ ഔദ്യോഗിക ടോള്‍ ഗേറ്റില്‍ 110-600 രൂപ നിരക്കാണ് വിവിധവാഹനങ്ങളില്‍നിന്ന് ഈടാക്കിയത്. വ്യാജരാകട്ടെ, 20-200 രൂപ നിരക്കിലാണ് ഗതാഗതം അനുവദിച്ചത്. വാഹനങ്ങളെ വ്യാജ ഗേറ്റിലേക്ക് ആകര്‍ഷിക്കാൻ കൂലിക്കാരെയും ദേശീയപാതയില്‍ നിയോഗിച്ചിരുന്നു. പതിവ് ട്രക്കുകാരൊക്കെ നിരക്ക് കുറവായ വ്യാജഗേറ്റ് ഉപയോഗിച്ചു. ടൈല്‍ വ്യവസായത്തിന്റെ കേന്ദ്രമായ മോര്‍ബിയില്‍നിന്ന് കച്ചിലെ തുറമുഖങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ട്രക്കുകളാണ് പോയിരുന്നത്.


സംഭവത്തെപ്പറ്റി ജില്ലാ കളക്ടര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നെന്ന് 'ഒറിജിനല്‍' ടോള്‍ ഗേറ്റുകാര്‍ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നാണ് ജില്ലാ അധികൃതരും പോലീസും പറയുന്നത്. സമാന്തരപാതയില്‍ വലിയ ട്രക്കുകള്‍ കടക്കാതെ റൂഫ് ബാരിയര്‍ വെക്കാനുള്ള ശ്രമം ഗ്രാമീണരുടെ സഹായത്തോടെ നേരത്തെ പ്രതികള്‍ വിഫലമാക്കിയിരുന്നു.


വൈറ്റ് ഹൗസ് ടൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ അമര്‍ഷി പട്ടേലിനെ മുഖ്യപ്രതിയാക്കിയാണ് വാങ്കനേര്‍ പോലീസ് കേസെടുത്തത്. ഈ ഫാക്ടറിയുടെ സ്ഥലത്താണ് ഒരുഗേറ്റും ദേശീയപാതയിലേക്ക് അനുബന്ധ റോഡും നിര്‍മിച്ചത്. പ്രമുഖ വ്യവസായിയും പട്ടേല്‍ സമാജത്തിന്റെ ക്ഷേത്രമായ ഉമിയാധാം സിദസര്‍ ട്രസ്റ്റ് പ്രസിഡന്റുമായ ജെറാം പട്ടേലിന്റെ മകനുമാണ് അമര്‍ഷി. ഫാക്ടറി പൂട്ടിയതിനാല്‍ മകൻ സ്ഥലം പാട്ടത്തിന് നല്‍കിയിരുന്നെന്നും ടോള്‍ഗേറ്റുമായി ബന്ധമില്ലെന്നും ഇദ്ദേഹം പറയുന്നു. വഘാസിയ ഗ്രാമത്തിന്റെ സര്‍പഞ്ചായ ധര്‍മേന്ദ്രസിങ് ഝാലയാണ് മറ്റൊരു പ്രതി. ഇദ്ദേഹത്തിന്റെ ഭാര്യ റിയാബ താലൂക്ക് പഞ്ചായത്തിലെ ബി.ജെ.പി. ഭരണസമിതിയുടെ മുൻ പ്രസിഡന്റുമാണ്.


പ്രതികള്‍ക്കെതിരെ പരാതി നല്‍കാൻ ടോള്‍പ്ലാസയുടെ യഥാര്‍ഥ കരാറുകാര്‍ തയ്യാറാകാത്തതിനാല്‍ പോലീസ് നേരിട്ട് കേസെടുത്തിരിക്കുകയാണ്. എങ്കിലും അധികാരികളുടെ അറിവില്ലാതെ ഇത്തരം തട്ടിപ്പ് നടക്കില്ലെന്നാണ് ആരോപണം. തട്ടിപ്പുകാരെ പിടികൂടുമെന്ന് മന്ത്രിസഭാ വക്താവ് ഋഷികേശ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ദാഹോഡ് ജില്ലയില്‍ വ്യജ സര്‍ക്കാര്‍ ഓഫീസുകള്‍ വഴി ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനും സംഘവും 18.5 കോടിരൂപ അടിച്ചുമാറ്റിയ സംഭവത്തിന് പിന്നാലെയാണ് വ്യാജ ടോള്‍ഗേറ്റ് സംഭവം ഗുജറാത്ത് സര്‍ക്കാരിന് നാണക്കേടായത്.

Post a Comment

Previous Post Next Post