5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലൻസ് പിടിയില്‍

 


തളിപ്പറമ്പ്: 5,000 രൂപ കൈക്കുലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ വിജിലൻസ് പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ അനില്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്ന് വിജിലൻസിന്റെ പിടിയിലായത്. പെരുവളത്തുപ്പറമ്പ് സ്വദേശിയായ പരാതിക്കാരന് വീട്ടില്‍ സ്വന്തമായി കാറുള്ളതിന്റെ പേരില്‍ നിലവിലെ ബി.പി.എല്‍ കാര്‍ഡ് എത്രയും വേഗം എ.പി.എല്‍ കാര്‍ഡ് ആക്കണമെന്നും ഇതുവരെ ബി.പി.എല്‍ കാര്‍ഡ് ഉപയോഗിച്ചതിന് ഫൈനായി മൂന്ന് ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടക്കണമെന്നും, 25,000 രൂപ കൈക്കൂലി തന്നാല്‍ ഫൈൻ ഒഴിവാക്കി തരാമെന്ന് താലൂക്ക് സപ്ലൈ ഓഫീസറായ അനില്‍ കഴിഞ്ഞ മാസം 20ന് പരാതിക്കാരനെ അറിയിച്ചു. 


തുടര്‍ന്ന് കഴിഞ്ഞ മാസം 25ന് താലൂക്ക് സപ്ലൈ ഓഫീസര്‍ 10,000 രൂപ അദ്യ ഗഡുവായി കൈപ്പറ്റി. അയതിന്റെ അടിസ്ഥാനത്തില്‍ ഫൈൻ ഒഴിവാക്കി എ.പി.എല്‍ കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസര്‍ പുതുതായി അനുവദിക്കുകയും കഴിഞ്ഞ ദിവസം പരാതിക്കാരന് ലഭിക്കുകയും ചെയ്തു. 


പുതിയ കാര്‍ഡ് കിട്ടിയ വിവരം പരാതിക്കാരൻ സപ്ലൈ ഓഫീസറെ വിളിച്ചറിയിച്ചപ്പോള്‍ 5,000 രൂപ കൂടിയെങ്കിലും കൈക്കൂലി നല്‍കണമെന്നും അത് ഇന്ന് ഉച്ചക്ക് ശേഷം ഓഫീസില്‍ എത്തിക്കണെന്നും അറിയിച്ചു. പരാതിക്കാരൻ ഈവിവരം കണ്ണൂര്‍ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിനെ അറിയിച്ചു. 


ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 4:45 ന് പരാതിക്കാരനില്‍ നിന്നും താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച്‌ 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയാണുണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലൻസ് അറിയിച്ചു.

Post a Comment

Previous Post Next Post