കിലോയ്ക്ക് 25 രൂപ; ഭാരത് അരി വിപണിയിലേക്ക്



ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്ന 'ഭാരത് റൈസ്' ബ്രാന്‍ഡിലുള്ള അരി ഉടന്‍ വിപണിയിൽ എത്തിയേക്കും.

കിലോഗ്രാമിന് 25 രൂപ എന്ന കുറഞ്ഞ നിരക്കിലാവും അരി ചില്ലറ വില്‍പ്പനക്ക് എത്തുക. അടുത്ത വര്‍ഷത്തെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടി എന്ന നിലയിലാണ് തീരുമാനമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തതിന് പിന്നാലെയാണ് മോദി സര്‍ക്കാര്‍ ഭാരത് അരിയുമായി എത്തുന്നത്. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാല്‍ ഔട്ട്‌ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുക.


രാജ്യത്ത് അരിയുടെ വില കുതിച്ചു ഉയര്‍ന്നതാണ് ഭാരത് റൈസ് എന്ന ആശയത്തിലേക്ക് കേന്ദ്ര സര്‍ക്കാരിനെ എത്തിച്ചത്. ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 14.1 ശതമാണ്‌ അരിക്ക് വര്‍ധിച്ചത്. ഭാരത് ആട്ട ബ്രാന്‍ഡിലുള്ള ഗോതമ്പു പൊടി കിലോഗ്രാമിന് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ ബ്രാന്‍ഡിലുള്ള പരിപ്പ് കിലോഗ്രാമിന് 60 രൂപ നിരക്കിലുമാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. 2000-ത്തിലേറെ വില്‍പ്പന കേന്ദ്രങ്ങള്‍ മുഖേനെയാണ് ഇവ വില്‍ക്കുന്നത്. ഭാരത് റൈസും ഇതേ മാതൃകയില്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Post a Comment

Previous Post Next Post