വോട്ടര്‍ പട്ടിക ഡിസംബര്‍ 19 വരെ പേര് ചേര്‍ക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ ഡോ.ദിവ്യ.എസ്. അയ്യരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു.
കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്‌പെഷ്യല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് റോള്‍ ഒബ്‌സര്‍വറുടെ ജില്ലയിലെ ആദ്യ സന്ദര്‍ശനമായിരുന്നു.

അര്‍ഹതയില്ലാത്ത ഒരു വ്യക്തിപോലും വോട്ടര്‍ പട്ടികയില്‍ ഇടം നേടരുതെന്നും വോട്ടര്‍ പട്ടിക എല്ലാ വോട്ടര്‍മാരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ സുതാര്യത ഉറപ്പ് വരുത്തുന്നുതിന് വില്ലേജ് ലെവല്‍ ഓഫീസര്‍മാരും ബൂത്ത് ലെവല്‍ ഓഫീസര്‍മാരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചു. 2,730 ബൂത്തുകളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് ഇലക്ടറല്‍ ലിറ്ററസി ക്ലബുകളിലൂടെ ബോധവത്കരണ ക്ലാസുകള്‍ നല്‍കും. 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഡിസംബര്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജനുവരി അഞ്ചിനാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സബിൻ സമീദ്, തഹസില്‍ദാര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post