ദുരിതയാത്രയ്ക്ക് അറുതിയാകുന്നു


ശ്രീകണ്ഠപുരം : ഏറെ നാളായി ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് അറുതിയാകുമെന്ന് പ്രതീക്ഷ. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവിൽ റോഡിന്റെ പ്രവൃത്തിക്ക് ടെൻഡർ ക്ഷണിച്ചതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. ഈ മാസം 16-നുള്ളിൽ ടെൻഡർ സമർപ്പിക്കണം.
 സംസ്ഥാന പാതയെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. 9.76 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ടാറിങ് നടന്നിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സർക്കാരുകൾ ബജറ്റിൽ റോഡിനായി തുക നീക്കിവെച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഈ റോഡിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പണി നടന്നില്ല.

പിന്നീട് രണ്ടുതവണ എസ്റ്റിമേറ്റിൽ മാറ്റംവരുത്തി. ഏറ്റവും ഒടുവിൽ കിഫ്ബി വഴി 31.91 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതിയായതാണ്. എന്നാൽ സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. കിഫ്ബി രൂപരേഖ അവലോകനം ചെയ്തതിനെത്തുടർന്ന് എസ്റ്റിമേറ്റ് വീണ്ടും പുതുക്കി. 
ഇതനുസരിച്ച് റോഡിന്റെ വീതി ഏഴ് മീറ്റർ എന്നുള്ളത് 12 മീറ്ററാക്കുകയും റോഡ് പൂർണമായും ഹൈവേ റോഡുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയുംചെയ്തു. തുടർന്ന് 47.86 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ടെൻഡർ ക്ഷണിച്ചത്.

Post a Comment

Previous Post Next Post