ആലക്കോട്: ജില്ലയിലെ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ കാട്ടാനയടക്കമുള്ള വന്യജീവികളുടെ ആക്രമണം നിത്യസംഭവമായിരിക്കുകയാണെന്നും ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം വനം വകുപ്പിനാണന്നും കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ആരോപിച്ചു.
ആലക്കോട് പഞ്ചായത്തിലെ കാപ്പിമല മഞ്ഞപ്പുല്ല് പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസമായി പത്തോളം വരുന്ന കാട്ടാനക്കൂട്ടം ഏക്കര്‍ കണക്കിന് ഭൂമിയിലെ കൃഷിയാണ് നശിപ്പിച്ചത്.
ഒരു പുരയിടത്തിലെ രണ്ടായിരത്തോളം കുലച്ച നേന്ത്രവാഴകളാണ് കാട്ടാനക്കൂട്ടം ഇല്ലാതാക്കിയത്. നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് പ്രദേശത്തുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഉളിക്കലിലെ ജനവാസ മേഖലയില്‍ ഭീതി വിതച്ച കാട്ടാന ഒരാളെ കൊലപെടുത്തുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തത്. മനുഷ്യരുടെ സ്വത്തിനും ജീവനും യാതൊരു പരിഗണനയും നല്‍കാതെ വന്യമൃഗത്തെ സംരക്ഷിക്കുന്ന നടപടികള്‍ മാത്രമാണ് വനം വകുപ്പ് ചെയ്യുന്നത്.വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനും വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങുന്നത് തടയുന്നതിനും വനം വകുപ്പ് നിലവില്‍ സ്വീകരിക്കുന്ന നടപടികളത്രയും അശാസ്ത്രീയവും മനുഷ്യദ്രോഹപരവുമാണ്.
വന്യജീവി സംരക്ഷണ നിയമം നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുകയാണ്. കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനാല്‍ വൻനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാൻ വനംവകുപ്പും സര്‍ക്കാരും തയാറാകണമെന്നും സജി കുറ്റ്യാനിമറ്റം ആവശ്യപ്പെട്ടു.
കാട്ടാനക്കൂട്ടം ആക്രമിച്ച കൃഷിയിടങ്ങള്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ സന്ദര്‍ശിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി. സുരേഷ് കുമാര്‍, സി.ജെ. ജോണ്‍ , ബിജു പുതുക്കള്ളി, ജിനോ പാറമാക്കല്‍, റോയി, ക്രിസ്റ്റി വര്‍ഗീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Post a Comment