ചെറുപുഴ: കോക്കടവില്‍ നിന്ന് ശനിയാഴ്ച മോഷണം പോയ സ്കൂട്ടര്‍ ചട്ടിവയലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചട്ടിവയല്‍-ചൂരപ്പടവ് റോഡിലെ ആളൊഴിഞ്ഞ ഭാഗത്ത് വനത്തോട് ചേര്‍ന്ന സ്ഥലത്താണ് സ്കൂട്ടര്‍ ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയത്.
ടാര്‍ റോഡ് കഴിഞ്ഞതിന് ശേഷം കാട് പിടിച്ച് കിടക്കുന്ന മണ്‍റോഡിലാണ് സ്കൂട്ടര്‍ ഒളിപ്പിച്ചു വച്ചിരുന്നത്.
കോക്കടവിലെ വ്യാപാരിയായ ഇടത്തുണ്ടിയില്‍ ഇ.കെ. പ്രിൻസിന്‍റെ സ്കൂട്ടറായിരുന്നു ശനിയാഴ്ച മോഷണം പോയത്. കടയില്‍ നിന്നും വീട്ടില്‍ ഊണു കഴിക്കാനെത്തിയ പ്രിൻസ് വീടിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുമേനി-തബോര്‍ റോഡിലെ ഒരു വീട്ടിലെ സിസിടിവി കാമറയില്‍ സ്കൂട്ടറുമായി രണ്ടു യുവാക്കല്‍ പോകുന്നതിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കോക്കടവില്‍ നിന്ന് മോഷണം പോയ ബൈക്കും സമാന നിലയില്‍ പിന്നീട് ഒളിപ്പിച്ചു വച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ലഹരി മാഫിയ ആണോ മോഷണത്തിനു പിന്നിലെന്ന് സംശയമുണ്ട്. ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment