സംസ്ഥാനത്ത് അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന് തുടക്കമായി

 


സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴില്‍ വകുപ്പ്.

പോര്‍ട്ടല്‍ രജിസ്‌ട്രേഷന് ഇന്നലെ തുടക്കമായി. അതിഥിതൊഴിലാളികള്‍ക്കും , അവരുടെ കരാറുകാര്‍,തൊഴിലുടമകള്‍ എന്നിവര്‍ക്കും തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചാണ് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പോര്‍ട്ടലില്‍ പ്രാദേശിക ഭാഷകളില്‍ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാണ്. നല്‍കിയ വ്യക്തിവിവരങ്ങള്‍ എൻട്രോളിംഗ് ഓഫീസര്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകും. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴില്‍ വകുപ്പ് ഓഫീസുകളിലും വര്‍ക്ക്സൈറ്റുകളിലും ലേബര്‍ക്യാമ്ബുകളിലും രജിസ്റ്റര്‍ചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.


അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബര്‍ കമ്മിഷണര്‍ അര്‍ജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.റെയില്‍വേ സ്റ്റേഷനുകളില്‍ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകള്‍ സജ്ജമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.


ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിര്‍ബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു.


അതിഥിതൊഴിലാളി രജിസ്‌ട്രേഷൻ കൂടുതല്‍ എളുപ്പമാക്കുന്നതിനായി രൂപകല്‍പന ചെയ്തിട്ടുള്ള അതിഥി മൊബൈല്‍ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തില്‍ വരുന്നതോടെ തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലോ ആപ്പിലോ പേര് രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Post a Comment

Previous Post Next Post