കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും രണ്ട് കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി



കണ്ണൂര്‍ : ഇന്നലെ നടത്തിയ പോലീസ് പരിശോധനയിലാണ് അബുദാബി,മസ്‌ക്കറ്റ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വര്‍ണം കണ്ണൂര്‍ എയര്‍പോര്‍ട്ട് പോലീസ് പിടികൂടിയത് .

പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ രണ്ട് കോടിയിലധികം രൂപവരും. കണ്ണൂര്‍ സിറ്റി ജില്ല പോലീസ് മേധാവി ശ്രീ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് നിരീക്ഷണമാണ് എയര്‍പോര്‍ട്ടും പരിസരത്തുമായി നടത്തിവരുന്നത്. കാസറഗോഡ് ഉദുമ സ്വദേശികളായ അബ്ദുള്‍റഹ്‌മാൻ, നിസാമുദ്ദീൻ, കണ്ണൂര്‍ മാനന്തേരി സ്വദേശി നൗഫല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. എയര്‍പോര്‍ട്ടിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.


ഇവര്‍ ശരീരത്തിലും, എമര്‍ജൻസി ലാമ്ബിലും, ഷൂസിന് ഒപ്പം ധരിച്ച്‌ സോക്സിലും ഒളിപ്പിച്ചു വെച്ച നിലയിലാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണം തൂക്കിനോക്കിയതില്‍ മൊത്തം 3392 ഗ്രാം ലഭിച്ചു. ഇതിന് വിപണിയില്‍ ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട് . തുടര്‍ന്ന് ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. കണ്ണൂര്‍ സിറ്റി ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പ്രത്യേക സ്‌ക്വാഡ് ആണ് സ്വര്‍ണം പിടികൂടിയത്.



Post a Comment

Previous Post Next Post