മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു.
അഴിയൂർ കരോത്ത് രണ്ടാം റെയിൽവെ ഗേറ്റും അനുബന്ധ റോഡും രണ്ടു മാസത്തേക്ക് അടച്ചിട്ടാണ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ചെന്നൈ ആർക്കോണം റെയിൽവെ ആസ്ഥാനത്ത് നിന്നാണ് ബൈപ്പാസിനായി ഗർഡറുകൾ റോഡ് മാർഗം കൊണ്ടുവന്നത്.
ഇത് പൂർത്തിയാക്കുവാൻ രണ്ട് മാസമാണ് സമയം അനുവദിച്ചെങ്കിലും ഒന്നര മാസത്തിനിടയിൽ പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഗർഡുകൾ കൂട്ടി യോജിപ്പിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഗർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ അവസാന ഘട്ടത്തിൽ മൂന്നു മണിക്കൂർ തീവണ്ടി ഗതാഗതം നിയന്ത്രിക്കേണ്ടതായി വരുമെന്നും കരാറുകാർ പറഞ്ഞു.
ഇലക്ട്രിക് ലൈൻ അഴിച്ചു മാറ്റേണ്ടതിനാലാണ് തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ആവശ്യമായി വരുന്നത്. രണ്ട് ഗർഡറുകൾ കൂട്ടി യോജിപ്പിക്കുവൻ 500 ഭാരമുള്ള ബോൾട്ടാണ് ഉപയോഗിക്കുന്നത്.
ഈ ബോൾട്ടുകൾ പണിക്കിടെ തൊഴിലാളികളിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീണ് അപകടം സംഭവിക്കുന്നത് ഒഴിവാക്കുവാനാണ് ഗെയിറ്റി നോട് ചേർന്നുള്ള റോഡും പൂർണമായും അടച്ചിട്ടത്. മഴ മാറി നിൽക്കുകയാണെങ്കിൽ പ്രവൃത്തിക്ക് വേഗത കൂടി വേഗത്തിൽ പണി തീർക്കുവാൻ കഴിയുമെന്നാണ് കരുതുന്നത്. റെയിൽവെ അധികൃതരുടെ മേൽനോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്.
ബാലത്തിൽ പാലത്തിന് നീളം കൂട്ടും
അതേ സമയം തലശേരി ബാലത്തിൽ പാലം നീളം കൂട്ടുന്ന പണിയും പുരോഗമിക്കുകയാണ്. നിർമാണം നടക്കവെ പാലത്തിന്റെ ബീമുകൾ തകർന്ന് പുഴയിൽ പതിച്ചിരുന്നു. ഇതിൻരെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മാത്രം മാസങ്ങളായിരുന്നു എടുത്തത്.
900 മീറ്റർ നീളമുള്ള പാലം 170 മീറ്റർ കൂടി നീളം കൂട്ടിയാണ് പുതുതായി നിർമിക്കുന്നത്. ചതുപ്പ് സ്ഥലമായതിനാൽ ഇവിടെ മണ്ണിട്ട് ഉയർത്തി റോഡ് പണിയുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് പാലത്തിന്റെ നീളം കൂട്ടാൻ തീരുമാനിച്ചത്. രണ്ടിടങ്ങളിലായി 600 ൽ പരം തൊഴിലാളികളാണ് പണിയെടുക്കുന്നത്. 2020 ജൂണിലാണ് നിർമാണം നടക്കുന്നതിനിടെ പാലം തകർന്ന് വീണത്.
2018 ഒക്ടോബർ 30 നായിരുന്നു ബൈപാസ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. 30 മാസം കൊണ്ട് പണി പൂർത്തിയാക്കി പാതതുറന്നു കൊടുക്കണമെന്നായിരുന്നു നിർമാണ കരാർ ഏറ്റെടുത്ത എറണാകുളത്തെ ഇ.കെ.കെ. കമ്പനിയുമായുള്ള കരാർ. 2021 മേയ് മാസമായിരുന്നു നേരത്തെയുള്ള കരാർ പ്രകാരം പാത ഗതാഗതത്തിന് തുറന്നു കൊടുക്കേണ്ടിയിരുന്നത്. എന്നാൽ, 2018 ലെ പ്രളയം, കോവിഡ് എന്നീ കാരണങ്ങളാൽ പണി നിർത്തി വെക്കേണ്ടി വന്നതിനാൽ വൈകുകയായിരുന്നു.
സർവീസ് റോഡുകളും അടിപ്പാതകളും
ബൈപാസിനൊപ്പം സർവീസ് റോഡുകളും പണിയേണ്ടതുണ്ട്.
ഇതിനായി സ്ഥലം വിട്ടു നൽകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരം കൊടുക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. മുഴപ്പിലങ്ങാട്, ചോനാടം ഭാഗത്താണ് ഇനി സർവീസ് റോഡ് പണിയേണ്ടത്.
22 അടിപ്പാതകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ടാറിംഗ്, സി ഗ്നൽ, പെയിന്റിംഗ്, ദിശാ സൂചക ബോർഡ്, റിഫ്ലക്ടർ, ലൈനിംഗ് ,മിഡിയൻ നിർമാണം എന്നിവയും പൂർത്തിയായിക്കഴിഞ്ഞു. പാതയുടെ അരികിൽ ക്രാഷ് ബാരിയറും നിർമിച്ചിട്ടുണ്ട്.
മുഴപ്പിലങ്ങാട് ടോൾ ബൂത്തിന് സമീപത്ത് നിന്ന് തുടങ്ങി മാഹി അഴിയൂർ ഗവ.എച്ച്.എസ്.എസ്.എസ്. വരെ 18.6 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമ്മിക്കുന്നത്.
സ്ഥലം ഏറ്റെടുക്കലടക്കം 1181 കോടി രൂപയാണ് മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്.

Post a Comment