കണ്ണൂർ : ആറളം ഫാമിൽ കാട്ടാനകൾക്കും മറ്റ് വന്യമൃഗങ്ങൾക്കും പുറമേ സാമൂഹ്യ വിരുദ്ധരുടെയും കടന്നു കയറ്റം. ഓണം വിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലികൃഷിയിൽ മൂന്നേക്കറോളം വരുന്ന കൃഷി പൂവും മൊട്ടും തണ്ടുമടക്കം നശിപ്പിച്ചു. അർധരാത്രിയോടെ കടന്നു കയറുന്ന സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിൽ എന്നാണ് കരുതുന്നത്. ബുധനാഴ്ച രാത്രിയോടെ തുടങ്ങിയ നശീകരണ പ്രവർത്തി നാലാം ദിവസമായ ശനിയാഴ്ച രാത്രിയും തുടർന്നതായി ആറളം കൃഷി അസിസ്റ്റന്റ് സുമേഷ് പറഞ്ഞു.
കൃഷിഭവന്റെ സഹകരണത്തോടെ ഓണം വിപണി ലക്ഷ്യമിട്ട് ആദിവാസികളുടെ സ്വാശ്രയ സംഘമാണ് ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ 25 ഏക്കറിൽ പുഷ്പ - ഫല കൃഷിയിറക്കിയത്. ചെണ്ടുമല്ലികൾ നല്ല വളർച്ച നേടുകയും പൂത്ത് തുടങ്ങുകയും ചെയ്തതോടെയാണ് നശീകരണ പ്രവർത്തിയും ആരംഭിച്ചത്. കൃഷിയിടത്തിലേക്ക് കടന്നുകയറിയവർ ബോധപൂർവം ചെടിയുടെ തണ്ടും പൂവും മൊട്ടുമടക്കം പറിച്ചു നശിപ്പിച്ചവിധമാണ് കാണാൻ കഴിയുന്നത്. ആദ്യ ദിവസം ഇത് ശ്രദ്ധയിൽ പെട്ടതോടെ ആറളം ഫാം ഫ്ലോറി കോ ഓപ്പ. സൊസൈറ്റിയുടെ പേരിൽ ആറളം പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും നശീകരണം തുടരുകയാണ്. ആനശല്യം രൂക്ഷമായ ഫാമിൽ രാത്രികാലങ്ങളിൽ പെട്രോളിംഗ് നടത്തുന്നതും കാവൽ നിൽക്കുന്നതും സാഹസികമായ പ്രവർത്തിയാണ് എന്ന് പോലീസും പറയുന്നു.

Post a Comment