മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിനു കാരണം വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതെന്ന് ഡ്രൈവർ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡ്രൈവർ മണി പോലീസിനു നൽകിയ മൊഴിയിലാണ് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് വിശദീകരിച്ചത്. അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കണ്ണോത്ത് മലയ്ക്ക് സമീപം വൈകുന്നേരം 3.30 ഓടെയാണ് അപകടം. തേയില എസ്റ്റേറ്റിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കണ്ണോത്തുമലയിലും വെണ്മണിയിലും ജോലി ചെയ്യുന്ന തൊഴിലാളികളാണ് മരിച്ചത്.
വളവും ഇറക്കവും കണ്ണോത്തുമല ഇറങ്ങുന്നതിനിടയിൽ ജീപ്പിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട ജീപ്പ് 30 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. തുടർന്ന് നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാ സേന എത്തും മുൻന്പ് നാട്ടുകാർ വടം ഉപയോഗിച്ച് ഇറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് വീണതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. ദീപു ട്രേഡിംഗ് കന്പനിയുടെ കഐൽ 11 ഡി 5655 നന്പർ ജീപ്പാണ് അപകടത്തിൽ പെട്ടത്. താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. മക്കിമലയിൽനിന്ന് വാളാട് ഭാഗത്തേക്ക് തേയില നുള്ളാൻ വന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകുന്ന വഴിയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

Post a Comment