കൊച്ചി: സംസ്ഥാനത്ത് തരം മാറ്റേണ്ട ഭൂമി 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ ന്യായവിലയുടെ 10 ശതമാനം മാത്രം ഫീസായി അടച്ചാല്‍ മതിയെന്നു ഹൈക്കോടതി. ഇതു സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷന് ബഞ്ച് ശരിവച്ചു.
കഴിഞ്ഞ ഫെബ്രുവരിയിലെ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
തൊടുപുഴ സ്വദേശിനി മൗഷ്മി ആന്‍ ജേക്കബ് നല്കിയ ഹര്‍ജിയിലാണ് അധിക ഭൂമിക്കു മാത്രം ഫീസ് വാങ്ങിയാല്‍ മതിയെന്നു സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നത്. എന്നാല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 27 എ പ്രകാരം 25 സെന്റിലധികമുള്ള ഭൂമി തരം മാറ്റാന്‍ ആകെ ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനം തുക ഫീസായി നല്‍കണമെന്നായിരുന്നു അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസ് ഇളവു നല്‍കിയതെന്നും വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.
.jpeg)
Post a Comment