കണ്ണൂര്‍: സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മൂന്നാമത്തെ ഓഫീസിന്റെ ഫ്യൂസൂരി കെഎസ്‌ഇബി. ബില്ലടച്ചിട്ട് മാസങ്ങളായെന്ന് കണ്ടെത്തിയതോടെയാണ് കണ്ണൂര്‍ മട്ടന്നൂരിലെ എഐ ക്യാമറ നിയന്ത്രിക്കുന്ന ഓഫീസിന്‍റെ ഫ്യൂസൂരിയത്.
57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടര്‍ന്ന് നടപടി. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ അതിന് മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂര്‍ ഓഫീസില്‍ ആണ്.
കഴിഞ്ഞ ദിവസം കാസര്‍ഗോഡ് കറന്തക്കാടുള്ള ആര്‍ടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. വൈദ്യുത ബില്‍ കുടിശിക വരുത്തിയതോടെയായിരുന്നു നടപടി. 23,000 രൂപ ബില്‍ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. വയനാട്ടില്‍ വാഹനത്തില്‍ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്‌ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ വയനാട് കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനും കെഎസ്‌ഇബി വിച്ഛേദിച്ചിരുന്നു.
കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് കല്‍പ്പറ്റയിലെ ഓഫീസിന്‍റെ കണക്ഷൻ വിച്ഛേദിച്ചതെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. പിന്നാലെ അടിയന്തിര ഫണ്ടില്‍ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
വയനാട്ടില്‍ കെ.എസ്.ഇ.ബി ലൈൻ ജോലികള്‍ക്കായി തോട്ടിയുമായി പോയ വാഹനമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്. തുടര്‍ന്ന് കെഎസ്‌ഇബിയുടെ ജീപ്പിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടു. 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസും അയച്ചു. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ ഓഫീസിലെ ജീവനക്കാര്‍ക്കായി വാടകക്കെടുത്ത കെ.എല്‍. 18 ക്യൂ. 2693 നമ്ബര്‍ ജീപ്പിനാണ് എ.ഐ ക്യാമറ നോട്ടീസ് ലഭിച്ചത്.

Post a Comment