ലോക ക്രിക്കറ്റിന്റെ അധികായരായ വെസ്റ്റ് ഇൻഡീസ് ടീം അടിപതറുന്നു. സൂപ്പര്‍ സിക്സ് മത്സരത്തില്‍ സ്കോട്ലൻഡ് ടീമിനോട് ഏഴ് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയതോടെ, കരീബിയൻസ് ഇല്ലാത്ത ചരിത്രത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആവും ഈ വര്‍ഷത്തെ ടൂര്‍ണമെന്റ്.
സൂപ്പര്‍ സിക്സ് ഘട്ടത്തില്‍ സിംബാബ്‌വെ, നെതര്‍ലൻഡ്സ് ടീമുകളോട് തുടര്‍ത്തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ വിൻഡീസിന്‍റെ നില പരുങ്ങലിലായിരുന്നു. സ്കോട്ടിഷ് പടയോടുള്ള പരാജയത്തോടെ ഇന്ത്യയില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായുള്ള വിൻഡീസ് ടിക്കറ്റ് എന്നേക്കുമായി കീറപ്പെട്ടു.
ടോസ് നേടി വിൻഡീസിനെ ബാറ്റിംഗിനയച്ച സ്കോട് ടീം അവരെ 181 റണ്‍സില്‍ പിടിച്ചുകെട്ടി. മറുപടി ബാറ്റിംഗില്‍ 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്കോട്‌ലൻഡ് വിജയലക്ഷ്യം മറികടന്നു.
ജേസണ്‍ ഹോള്‍ഡര്‍(45), റൊമാരിയോ ഷെപ്പേര്‍ഡ്(36) എന്നിവരൊഴികെ മറ്റ് വിൻഡീസ് ബാറ്റര്‍മാര്‍ക്കാര്‍ക്കും തിളങ്ങാനാവാതെ വന്നതോടെയാണ് ടീമിന്‍റെ ലോകകപ്പ് മോഹങ്ങള്‍ പൊലിഞ്ഞത്. സ്കോട്‌ലൻഡിനായി ബ്രാൻഡൻ മക്കല്ലൻ മൂന്നും ക്രിസ് ഗ്രീവ്സ്, മാര്‍ക്ക് വാറ്റ്, ക്രിസ് സോള്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍, രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാത്യു ക്രോസ്(74*) – മക്കല്ലൻ(69) സഖ്യം ടീമിനെ വിജയത്തിലെത്തിച്ചു. ജയത്തോടെ സ്കോട്‌ലൻഡ് ലോകകപ്പ് യോഗ്യതാ മോഹം സജീവമാക്കി നിലനിര്‍ത്തി.

Post a Comment