സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 4 കുട്ടികള്‍ മുങ്ങിമരിച്ചു

 


സംസ്ഥാനത്ത് ശനിയാഴ്ച വിവിധ ഇടങ്ങളിലായി ഉണ്ടായ അപകടങ്ങളില്‍പ്പെട്ട് 4 കുട്ടികള്‍ മുങ്ങിമരിച്ചു. കാസര്‍ഗോഡ് വെള്ളിക്കോത്ത് കൂട്ടുകാര്‍ക്കൊപ്പം തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചതാണ് ഒടുവിലെ സംഭവം.

കാരക്കുഴി സ്വദേശികളും വെള്ളിക്കോത്തെ ബിഎസ്‌എൻഎല്‍ ഓഫീസിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മജീദ് – നസീമ ദമ്ബതികളുടെ മകൻ മിഥിലാജ് (13) ആണ് മരിച്ചത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജിവിഎച്ച്‌എസ്‌എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്ക്കൂള്‍ വിട്ട് വന്ന ശേഷം കൂട്ടുകാരോടൊപ്പം സമീപത്തെ വീണച്ചേരി തോട്ടില്‍ കുളിക്കാൻ പോയതായിരുന്നു മിഥിലാജ്.

കോഴിക്കോട് നാദാപുരത്ത് കുളിക്കാനായി പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികളില്‍ ഒരാള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തിയിരുന്നു. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹമൂദിന്റ മകൻ സഹല്‍ ( 15 ) ആണ് മുങ്ങിമരിച്ചത്. നാദാപുരം ജാമിയ ഹാഷിമിയയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാമുണ്ടേരി തയ്യുള്ള തില്‍ അജ്മല്‍ (22) നെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.


ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. അഗ്നി രക്ഷ സേനയും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ സഹലിന്റ മൃതദേഹം 4.15 ഓടെ കണ്ടെത്തി. മയ്യഴി പുഴയുടെ ഭാഗമായ ജാതിയേരി കൊയിലോത്ത് പാറ കടവിലാണ് സംഭവം.


പുഴയില്‍ അടിയൊഴുക്കുള്ള ഭാഗത്താണ് അപകടം നടന്നത്. 13 വിദ്യാര്‍ത്ഥികളാണ് സമീപ പ്രദേശങ്ങളില്‍ നിന്നും ജീപ്പിലായി കുളിക്കാനെത്തിയത്. സഹലിന്റെ മൃതദേഹം വടകര ഗവ താലൂക്ക് ആശുപത്രിയിേലേക്ക് മാറ്റി.

കാസര്‍ഗോഡ് പെരുന്നാള്‍ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. മൊഗ്രാല്‍ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മഞ്ചേശ്വരത്തെ അബ്ദുള്‍ ഖാദര്‍ നസീമ ദമ്ബതികളുടെ മക്കളായ നവാസ് റഹ്‌മാൻ (22), നാദില്‍ (17) എന്നിവരാണ് മരിച്ചത്.

വിവരം അറിഞ്ഞു കുമ്ബള പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post