കണ്ണൂരില്‍ രണ്ട് വിദ്യാര്‍ഥികള്‍ പുഴയില്‍ ഒഴുക്കില്‍പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി



പാനൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകീട്ട് കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറുപ്പറമ്ബ് ഫിനിക്സ് ലൈബ്രറിക്ക് പിറകുവശത്തെ ചേലക്കാട് പുഴയിലാണ് അപകടം.

കക്കോട്ട് വയല്‍ രയരോത്ത് മുസ്തഫയുടെ മകൻ സിനാൻ (20), ജാതിക്കൂട്ടം തട്ടാന്റവിട മൂസയുടെ മകൻ മുഹമ്മദ് ഷഫാദ് (20) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഏറെ നേരത്തെ തിരച്ചിലിനിടെ മുഹമ്മദ് ഷഫാദിനെ കണ്ടെത്തി. ഉടൻ പാനൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനാന് വേണ്ടി രാത്രിയും തിരച്ചില്‍ തുടരുകയാണ്. 


പ്രദേശത്ത് ശക്തമായ മഴയും ഇരുട്ടുമാണ്. പരിസര പ്രദേശത്തെ അഞ്ച് കുട്ടികള്‍ ഇവിടെ കുളിക്കാൻ വന്നതായിരുന്നു. മുഹമ്മദ് ഷഫാദ് മുങ്ങുന്നത് കണ്ട് കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചതായിരുന്നു സിനാൻ. രണ്ടുപേരും മുങ്ങുന്നത് കണ്ട് കൂടെയുള്ളവര്‍ ഒച്ചവെച്ചു. പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് നാട്ടുകാരും പൊലീസും അഗ്നിരക്ഷസേനയും ഏറെനേരം പരിശ്രമിച്ചാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച മുഹമ്മദ് ഷഫാദ് കല്ലിക്കണ്ടി എൻ.എ.എം കോളജ് മൂന്നാം വര്‍ഷ കമ്ബ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥിയാണ്. ജാതിക്കൂട്ടത്തെ മൂസ-സമീറ ദമ്ബതികളുടെ മകനാണ്.

Post a Comment

Previous Post Next Post