വടക്ക് രണ്ടു ദിവസം കൂടി ശക്തമായ മഴ, ഇന്നു മുതല്‍ തീവ്രത കുറയും



തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളില്‍ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും. എന്നാല്‍, മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയുടെ തീവ്രത ഇന്നു മുതല്‍ കുറയും.

മദ്ധ്യ തെക്കൻ ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴയാണ് ലഭിക്കുന്നത്.


ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി നിലവില്‍ മധ്യ -പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കൻ ആന്ധ്രാപ്രാദേശിന്‌ സമീപത്തേക്ക് നീങ്ങി.കേരള തീരത്തേക്കുള്ള മണ്‍സൂണ്‍ പാത്തിയുടെ സ്ഥാനം മാറി കര്‍ണാടക തീരത്തായി. ഈ സാഹചര്യത്തിലാണ് മഴയുടെ തീവ്രത കുറയുന്നത്.തീവ്രത കുറഞ്ഞെങ്കിലും മഴ പൂര്‍ണമായി വിട്ടൊതുങ്ങില്ല.വടക്കൻ ജില്ലകളില്‍ ഇടയ്ക്ക് ഇടവേളകളുണ്ടായാലും വൈകിട്ടും രാത്രിയും മഴയുണ്ടാകും.മദ്ധ്യ ജില്ലകളില്‍ ഉച്ചയ്ക്കുശേഷം മലയോര മേഖകലകളില്‍ മഴ ലഭിക്കും.ഇവിടങ്ങളില്‍ മഴയോടൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.


മണ്‍സൂണ്‍ പാത്തി വീണ്ടും സജീവമായി കേരള തീരത്തിന് അനുകൂലമായാല്‍ മഴ കൂടും.ശക്തമായ മഴയുടെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം യെല്ലോ അലര്‍ട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ.മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കടലാക്രമണത്തിനും സാദ്ധ്യതയുമുണ്ട്.


യെല്ലോ അലര്‍ട്ടുകള്‍


ഇന്ന് : കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്


നാളെ : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്


-പ്രളയ സാദ്ധ്യത


പമ്ബ നദിയിലെ മടമണ്‍ സ്റ്റേഷൻ, മണിമല നദിയിലെ കല്ലൂപ്പാറ, മീനച്ചില്‍ നദിയിലെ കിടങ്ങൂര്‍ സ്റ്റേഷൻ, കുറ്റിയാടി നദിയിലെ കുറ്റിയാടി സ്റ്റേഷൻ, മണിമല നദിയിലെ പുല്ലാക്കയര്‍ സ്റ്റേഷനുകള്‍, അച്ചൻകോവില്‍ നദിയിലെ തുംപമണ്‍ സ്റ്റേഷൻ, പമ്ബ നദിയിലെ മലക്കര സ്റ്റേഷൻ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മിഷൻ നല്‍കിയിട്ടുണ്ട്.


മണ്ണിടിച്ചില്‍ സാദ്ധ്യതയേറെ


വരും ദിവസങ്ങളില്‍ മഴയുടെ തീവ്രത കുറയുമെങ്കിലും മലോയര മേഖലയില്‍ മണ്ണിടിച്ചില്‍ സാദ്ധ്യതയേറെയാണെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.മൂന്ന് ദിവസത്തെ തീവ്രമഴയില്‍ മലയോര മേഖലയില്‍ പലയിടത്തും മണ്ണിന് അമിത നനവാണ്.ഈ സാഹചര്യത്തില്‍ ചെരിവുള്ള മലയോര മേഖലയിലെ ഭാഗങ്ങളില്‍ മണ്ണില്‍ ജലാംശം കൂടി അത് ഇടിഞ്ഞ് വീഴാനുള്ള സാദ്ധ്യത കൂടുതലാണ്.കാഞ്ഞിരപ്പള്ളി (കോട്ടയം), തൊടുപുഴ, ഉടുമ്ബൻചോല (ഇടുക്കി), ചിറ്റൂര്‍, മണ്ണാര്‍ക്കാട് (പാലക്കാട്), നിലമ്ബൂര്‍, ഏറനാട് (മലപ്പുറം), തളിപ്പറമ്ബ് (കണ്ണൂര്‍),പെട്ടിമുടി,കവളപ്പാറ എന്നീ സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു.


310% അധികമഴ


കഴിഞ്ഞ നാല് ദിവസം കൊണ്ട് 310 ശതമാനം അധിക മഴ സംസ്ഥാനത്ത് ലഭിച്ചു.86.6 മില്ലമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.4 മില്ലി മീറ്റര്‍ മഴ ലഭിച്ചു.കാസര്‍കോടാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്തും

Post a Comment

Previous Post Next Post