തകർന്ന റോഡിൽ വലഞ്ഞ് ചാത്തമംഗലം നിവാസികൾ

 


ആലക്കോട് : നെടുവോട്-ചാത്തമംഗലം റോഡിൻറെ ദുരവസ്ഥയിൽ വലഞ്ഞ് നാട്ടുകാർ. റോഡിൻറെ ചാത്തമംഗലം സെയ്ൻറ് ജൂഡ്സ് ചാപ്പലിനും കുന്നുംപുറംപടിക്കും ഇടയിലുള്ള ഒരു കിലോമീറ്ററോളം ഭാഗമാണ് ഇനിയും ടാർചെയ്യാതെ തകർന്നുകിടക്കുന്നത്.

ചാത്തമംഗലം പ്രദേശത്തെ കാർത്തികപുരം, ആലക്കോട്, രയരോം, പരപ്പ, നെടുവോട് തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.

ആലക്കോട്, ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളുടെ അതിർത്തിയിലെ ചാത്തമംഗലത്ത് വികസനം ഇന്നും അകലെയാണ്. ആലക്കോട് പഞ്ചായത്തിലെ പരപ്പ, നെടുവോട് പ്രദേശങ്ങളെ ചെറുപുഴ പഞ്ചായത്തിലെ തിരുമേനിയുമായി ആറര കിലോമീറ്റർ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്നതാണീ റോഡ്.

തിരുമേനിക്കും ചാത്തമംഗലത്തിനും ഇടയിലുള്ള ഭാഗം ടാറും കോൺക്രീറ്റും ചെയ്ത് പൂർണമായും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ബാക്കി അവശേഷിക്കുന്ന ഒരു കിലോമീറ്റർ കൂടി ടാർചെയ്താൽ, നെടുവോട്, പരപ്പ പ്രദേശങ്ങളിൽനിന്ന്‌ തിരുമേനിയിലേക്കും തിരിച്ചും കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കുമുൾപ്പെടെ സഞ്ചരിക്കാനാകും.

ഇനി ടാർചെയ്യാനുള്ള ഭാഗങ്ങൾ പൂർണമായും ആലക്കോട് പഞ്ചായത്തിലാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുത്ത്‌ വീതികൂട്ടുകയും പൂക്കാട് മൊബൈൽ ടവറിനു സമീപമുള്ള വളവ് കൂടുതൽ വിസ്തൃതമാക്കുകയും ചെയ്താൽ ബസ് സർവീസ് ഉൾപ്പെടെ ആരംഭിക്കാനാകും.

Post a Comment

Previous Post Next Post