പലവിധ പനികൾ പടരുന്നു; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

 


കണ്ണൂർ ∙ മഴ കനത്തതോടെ വൈറൽ പനി, ഡെങ്കി പനി, എലിപ്പനി, ചെള്ളുപനി തുടങ്ങിയ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യമാണെന്നും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ്. പനി ബാധിച്ചാൽ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടണമെന്നും ഡപ്യൂട്ടി ഡിഎംഒ എം.പി.ജീജ അറിയിച്ചു. ആയിരത്തിലേറെപ്പേരാണ് ഓരോ ദിവസവും പനി ബാധിച്ച് കണ്ണൂര്‍  ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നത്.


ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ ബാധിക്കാതിരിക്കാൻ ജലസ്രോതസ്സുകൾ മലിനമാകാതെ നോക്കണം. കഴിഞ്ഞ വർഷത്തേക്കാൾ ഡെങ്കിപ്പനി കേസുകൾ കുറവാണെങ്കിലും ജാഗ്രത തുടരണം. മലയോര ഭാഗങ്ങളിലും നഗരമേഖലകളിലും ഡെങ്കിപ്പനി കേസുകൾ കൂടുന്നുണ്ട്. റബർ പ്ലാന്റേഷനുകളുള്ള സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ. ഇത്തരം പ്രദേശങ്ങളിൽ കൊതുകു നിയന്ത്രണം കാര്യക്ഷമമാക്കണമെന്നും നിർദേശിച്ചു.


എലി, കന്നുകാലികൾ, നായ, പൂച്ച എന്നിവയുടെ മൂത്രം കലർന്ന വെള്ളമോ മണ്ണോ ആയി സമ്പർക്കം വരുന്നവരെയാണ് എലിപ്പനി ബാധിക്കുന്നത്. ഇത്തരം ജോലി സാഹചര്യമുള്ളവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണം. ഇത് ആരോഗ്യ വകുപ്പ് ആശ പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നുണ്ട്. ബൂട്ടുകൾ, കയ്യുറകൾ എന്നിവ ഉപയോഗിക്കുന്നതും ഗുണകരമാണ്. കെട്ടിനിൽക്കുന്ന വെള്ളത്തിലും അഴുക്കുവെള്ളത്തിലും കുളിക്കുക, വാഹനം കഴുകുക, കയ്യും കാലും കഴുകുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക. എലിപ്പനി ബാധിച്ച് കഴിഞ്ഞ വർഷം ജില്ലയിൽ 8 പേരാണു മരിച്ചത്. ശക്തമായ മേലുവേദനയുള്ള പനി എലിപ്പനിയോ ഡെങ്കിപ്പനിയോ ആവാം. ഇതിന് വേദനാസംഹാരികൾ ഉപയോഗിച്ചുള്ള സ്വയം ചികിത്സ അപകടകരമാണ്. വൃക്കകളെ ബാധിക്കുമെന്നും ഡോ. ജീജ മുന്നറിയിപ്പു നൽകി.


ചിക്കൻ പോക്‌സ് കേസുകൾ ഇത്തവണ കൂടുതലാണ്. ചെള്ളുപനി തലച്ചോറിനെ ബാധിച്ച് അപൂർവമായെങ്കിലും മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ന്യൂമോണിയയും ഉണ്ടാവാം. തുടർച്ചയായി പനി വരുമ്പോൾ ചികിത്സ തേടണം. അന്നദാനം, വിവിധ ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധയുണ്ടായ സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്.  വെൽകം ഡ്രിങ്കിൽ പലപ്പോഴും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് ചേർക്കുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ട്.


Post a Comment

Previous Post Next Post