കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ വീണ്ടും കുറഞ്ഞു

 


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജൂണ്‍ മാസവും യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് മുൻമാസത്തേക്കാള്‍ 10,296 പേരുടെ കുറവാണുണ്ടായത്.


56,065 അന്താരാഷ്ട്ര യാത്രക്കാരും 25,679 ആഭ്യന്തര യാത്രക്കാരും ഉള്‍പ്പടെ 81744 പേരാണ് ജൂണില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്. മേയില്‍ 92,040 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗോ ഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ മേയ് മാസത്തില്‍ 25270 യാത്രക്കാരുടെ കുറവ് വന്നിരുന്നു. 


അതേ സമയം വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ട്. മേയില്‍ 788 സര്‍വീസുകള്‍ ഉണ്ടായിരുന്നത് 799 ആയി. 373 അന്താരാഷ്ട്ര സര്‍വീസുകളും 426 ആഭ്യന്തര സര്‍വീസുകളുമാണ് നടത്തിയത്. ഏപ്രില്‍ മാസം 994 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. ജൂണ്‍ അവസാനത്തോടെ ഷാര്‍ജയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് രണ്ട് അധിക സര്‍വീസുകള്‍ തുടങ്ങിയിരുന്നു. 


ഗോ ഫസ്റ്റ് നിര്‍ത്തിയതോടെ സര്‍വീസ് ഇല്ലാതായ മുംബൈ സെക്ടറില്‍ ജൂലൈ ഒന്നു മുതല്‍ ഇൻഡിഗോ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ മാസം യാത്രക്കാര്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഗോഫസ്റ്റ് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. 


സെപ്തംബറോടെ കണ്ണൂര്‍-അബുദാബി സര്‍വീസ് പുനരാരംഭിക്കുമെന്നാണ് വിവരം. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മേയ് മൂന്നു മുതലാണ് ഗോഫസ്റ്റ് രാജ്യത്തുടനീളം സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

Post a Comment

Previous Post Next Post