95-ാം വയസ്സിൽ കിടിലൻ മേക്കോവർ നടത്തി താരമായി കണ്ണൂർ ആലക്കോട് സ്വദേശിനി മേരി; വീഡിയോ കാണാം



ആലക്കോട്: പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് ആളുകള്‍ പറയാറുണ്ട്. എന്നാലും ഒരു വലിയ വിഭാഗം ആളുകളും പ്രായം ആയെന്ന കാരണത്താല്‍ ഒതുങ്ങി ജീവിക്കുന്നതും കാണാം.

നല്ല വസ്ത്രം ധരിച്ച്‌, ഒന്ന് ഒരുങ്ങി നടക്കാൻ പ്രായമുള്ളവരോട് പറഞ്ഞാല്‍ 'ഈ കുഴിയിലേക്കും കാലുംനീട്ടി ഇരിക്കുന്ന നമ്മള്‍ ഇനി അതൊക്കെ ചെയ്തിട്ടു എന്ത് കാര്യമാ?' എന്ന മറുപടിയാണ് നമുക്ക് ലഭിച്ചിട്ടുണ്ടാകുക. എന്നാല്‍ ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാൻ ആരോഗ്യം സമ്മതിക്കുന്നുണ്ടെങ്കില്‍ പ്രായമൊന്നും അതിനൊരു തടസമല്ലെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ആലക്കോട് സ്വദേശിയായ മേരി.

95-കാരിയായ മേരി കൊച്ചുമകള്‍ പ്രിൻസിയുടെ സഹായത്തോടെ മേക്കോവര്‍ ചെയ്തതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുകയാണ്. ഒരു ദിവസം മൊബൈല്‍ ഫോണില്‍ ഒരു മേക്കോവര്‍ വീഡിയോ കണ്ടപ്പോള്‍ തോന്നിയ ആഗ്രഹം മേരി ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കൊച്ചുമകളോട് പങ്കുവെയ്ക്കുകയായിരുന്നു. വല്ല്യമ്മച്ചിയുടെ ആഗ്രഹത്തിന് സമ്മതം മൂളാൻ പ്രിൻസിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മേക്കപ്പിടാനും ഒരുങ്ങി നടക്കാനുമുള്ള വല്ല്യമ്മച്ചിയുടെ ആഗ്രഹം അങ്ങനെ പ്രിൻസി സാധിപ്പിച്ചുകൊടുത്തു.

ചട്ടയും മുണ്ടും ധരിച്ച നാടൻ ലുക്കില്‍ നിന്ന് വെസ്റ്റേണ്‍ ലുക്കില്‍ എത്തിയതോടെ മേരി ആളാകെ മാറിപ്പോയി. ലിപ്സ്റ്റിക്കും ഐഷാഡോയും ബ്ലഷും നല്ല ബ്രൗണ്‍ നിറത്തിലുള്ള മുടിയുമായി ഒന്നാന്തരം വെസ്‌റ്റേണ്‍ മേരി. ഇതിനൊപ്പം ചുവപ്പ് ഇന്നര്‍ വരുന്ന നീല ഡെനിം മെറ്റീരിയലിലുള്ള ഫ്രോക്കാണ് മേരി ധരിച്ചത്. ഒപ്പം കൂളിങ് ഗ്ലാസ് കൂടി വെച്ചതോടെ സംഗതി അടിപൊളിയായി.



'ആഗ്രഹങ്ങള്‍ ഉള്ളിലൊളിപ്പിച്ചു നടക്കുന്ന ഒരുപാട് പേര്‍ നമ്മുടെ നാട്ടിലുണ്ട്. ആ സ്വപ്‌നങ്ങളെല്ലാം നമ്മള്‍ നടത്തിക്കൊടുക്കണം. ചിലപ്പോള്‍ ചമ്മലും നാണക്കേടും ഓര്‍ത്താകും അവര്‍ ഇത് തുറന്നുപറയാത്തത്. എന്നാല്‍ നമ്മള്‍ അവരുടെ ഒപ്പം നിന്നാല്‍ എല്ലാ കാര്യങ്ങളും വൃത്തിയായി നടക്കും'-മേരി പറയുന്നു.

Post a Comment

Previous Post Next Post