നടുവിൽ : കർണാടക വനത്തിൽനിന്ന് വഞ്ചിയം ആനക്കുഴി ഭാഗത്ത് കൂടി പൊട്ടംപ്ലാവ് പുറത്തൊട്ടിയിലെത്തിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. ഏരുവേശ്ശി പഞ്ചായത്തിലെ ഈ ഭാഗങ്ങളിൽ കുറച്ചുദിവസങ്ങളിലായി കാട്ടാനശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു.
പുറത്തൊട്ടിയിലെ പുതുപ്പറമ്പിൽ ജോസഫിന്റെ കൃഷിയിടത്തിലുണ്ടായിരുന്ന വാഴകളും കശുമാവുകളുമാണ് വ്യാഴാഴ്ച പുലർച്ചെ നശിപ്പിച്ചത്. സമീപത്തെ ഹരിയുടെ കൃഷിയിടത്തിൽ നട്ടുവളർത്തിയിരുന്ന ഊദ് മരങ്ങളും കാട്ടാനകളുടെ ആക്രമണത്തിനിരയായി. രാത്രിയാകുമ്പോൾ കൃഷിയിടങ്ങളിൽ മേഞ്ഞുനടക്കുന്ന കാട്ടാനകൾ രാവിലെ കാട്ടിലേക്ക് തിരികെപോകുകയും അടുത്തദിവസം രാത്രിയിൽ വീണ്ടും വരികയുമാണ് ചെയ്യുന്നത്.
കുട്ടിയാനയടക്കം പത്തോളം വരുന്ന ആനക്കൂട്ടവും ഒറ്റയാനുമാണ് കൃഷിനശിപ്പിച്ചത്.
ദിവസവും രാവിലെ വനപാലകർ ഇവിടെയെത്തി പടക്കം പൊട്ടിക്കുന്നതല്ലാതെ ആനകൾ വനാതിർത്തി കടന്നെത്തുന്നത് തടയാൻ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തികളിൽ സൗരോർജ തൂക്കുവേലിയൊരുക്കിയിട്ടുണ്ട്. എന്നിട്ടും വേലിക്കിപ്പുറത്ത് കേരള വനത്തിലുണ്ടായിരുന്ന ആനകൾ കൃഷിയിടത്തിൽ ഇറങ്ങിയിരുന്നു.
ഇതേത്തുടർന്ന് വനംവകുപ്പിന്റെ ടാസ്ക് ഫോഴ്സ് സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏരുവേശ്ശി പഞ്ചായത്തിന്റെ അതിർത്തിമേഖലയിലും ആനക്കൂട്ടമിറങ്ങി ഭീതിപരത്തുന്നത്.
ഏരുവേശ്ശിയിലും കാട്ടാന ശല്യത്തിനെതിരേ തൂക്കുവേലി നിർമിക്കുന്നുണ്ട്. വഞ്ചിയംമുതൽ പുറത്തൊട്ടിവരെ അഞ്ചരകിലോമീറ്റർ ദൂരത്തിലാണ് വേലി നിർമിക്കുന്നത്.
Post a Comment