കോട്ടയം കണമലയില്‍ ശബരിമല പാതയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

 


കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കോട്ടയം കണമല ശബരിമല പാതയിലാണ് ദാരുണ സംഭവം.


ചാക്കോച്ചന്‍ പുറത്തേല്‍ (65) ആണ് മരിച്ചത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മരിച്ചയാള്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. പരിക്കേറ്റയാള്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി.


കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം. പ്ലാവനാക്കുഴി തോമസിനാണ് ഗുരുതരപരിക്കേറ്റത്. പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഇയാളുടെ കാലുകള്‍ക്ക് സാരമായ പരിക്കേറ്റു.

സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. പ്രദേശവാസികള്‍ വാഹനങ്ങള്‍ തടഞ്ഞു.


ആക്രമണകാരിയായ കാട്ടുപോത്തിനെ ഉടന്‍തന്നെ വെടിവെച്ച്‌ കൊല്ലാന്‍ ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ കളക്ടര്‍ അടിയന്തരമായി ഉത്തരവിടണമെന്ന് കിഫ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post