ആൽബർട്ടിന്റെ മൃതദേഹം അടുത്തദിവസം നാട്ടിലെത്തിക്കും

 


ആലക്കോട് : സുഡാനിൽ വെടിയേറ്റ് മരിച്ച ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാധ്യത തെളിയുന്നു. ഖാർത്തുമിലെ ആൽബർട്ടിന്റെ സുഹൃത്തും 20 വർഷത്തിലേറെക്കാലമായി അവിടെ താമസക്കാരനുമായ മലയാളി, ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങാനും പോർട്ട് സുഡാനിൽ എത്തിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ആൽബർട്ട് ജോലിചെയ്തിരുന്ന കമ്പനി വാഹനസൗകര്യം നൽകും. ഇന്ത്യൻ എംബസി ക്രമീകരണങ്ങൾ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

മൃതദേഹം ഏറ്റുവാങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇദ്ദേഹത്തെ അധികാരപ്പെടുത്തുന്ന രേഖകൾ തയ്യാറാക്കി. മൂന്നുദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾ. ഖാർത്തുമിലുള്ള മലയാളികളുമായി ആൽബർട്ടിന്റെ ഭാര്യ സൈബല്ല ഫോണിൽ ബന്ധം പുലർത്തുന്നുണ്ട്. 

സമാധാനശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും തദ്ദേശവാസികൾ ഊടുവഴികളിലൂടെ പലായനം ചെയ്യുന്നത് കാണാമെന്ന് ഫോണിൽ ബന്ധപ്പെട്ടവരിൽനിന്ന് അറിഞ്ഞതായി സൈബല്ല പറഞ്ഞു. ഇന്ത്യൻ വിദേശമന്ത്രാലയ അധികൃതരും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ഇടപെടുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നുവെന്ന് ആൽബർട്ടിന്റെ പിതാവ് അഗസ്റ്റ്യൻ പറഞ്ഞു.

Post a Comment

Previous Post Next Post